കേജരിവാളിന്റെ കോടതി നടപടികളുടെ വീഡിയോ നീക്കണം: സുനിത കേജരിവാളിന് നോട്ടീസ്
Saturday, June 15, 2024 1:41 PM IST
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ഉള്‍പ്പെട്ട കോടതി നടപടികളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഭാര്യ സുനിത കേജരിവാളിന് ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്.
കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സ് നിയമങ്ങള്‍ ലംഘിക്കപ്പെടുന്നത് ചൂണ്ടിക്കാട്ടി അഭിഭാഷകനായ വൈഭവ് സിംഗ് നല്കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഉത്തരവിട്ടത്. എക്സ്, യുട്യൂബ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയോടും വീഡിയോ അടങ്ങുന്ന പോസ്റ്റുകള്‍ നീക്കം ചെയ്യണമെന്നും ജസ്റ്റീസുമാരായ നീന ബൻസാൽ കൃഷ്ണ, അമിത് ശർമ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടു.
നീതിന്യായ വ്യവസ്ഥയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽക്കാൻ ഇത് കാരണമായെന്നും പൗരന്മാരെ തെറ്റിദ്ധരിപ്പിക്കുന്നതിനും കാരണമായെന്നും കോടതി ചൂണ്ടിക്കാട്ടി. കേസ് ജൂലൈ ഒൻപതിന് വീണ്ടും പരിഗണിക്കും.
മാർച്ച് 28ന് ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത കേജരിവാളിനെ കോടതിയില്‍ ഹാജരാക്കിയ സമയത്തെ വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നത്. ഏകദേശം ഒൻപത് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ദൃശ്യങ്ങള്‍ സുനിത കേജരിവാളും പങ്കുവച്ചിരുന്നു.