പാലക്കാട്ടെയും തൃശൂരിലെയും ഭൂചലനം; 3.0 തീവ്രത രേഖപ്പെടുത്തി
Saturday, June 15, 2024 10:36 AM IST
തൃശൂര്‍: പാലക്കാട്, തൃശൂര്‍ ജില്ലകളിലെ വിവിധയിടങ്ങളിലുണ്ടായത് നേരിയ ഭൂചലനം. റിക്ടർ സ്കെയിലിൽ 3.0 തീവ്രതയാണ് രേഖപ്പെടുത്തിയത്.
ഭാരതപ്പുഴയോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിൽ രാവിലെ 8:16നാണ് ഭൂചലനം ഉണ്ടായത്. ചെറിയ ഒരു വിറയൽ പോലെ അനുഭവപ്പെട്ടെന്ന് നാട്ടുകാർ പറഞ്ഞു.
കുന്നംകുളം, ഗുരുവായൂര്‍, വടക്കാഞ്ചേരി, എരുമപ്പെട്ടി അടക്കമുള്ള മേഖലകളിലാണ് ഭൂചലനം ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഭൂചലനത്തെ തുടർന്ന് പ്രദേശത്തെ ജനങ്ങള്‍ പരിഭ്രാന്തിയിലാണ്. എന്നാല്‍ ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.