ഉഗാണ്ട 40ന് പുറത്ത്; ആറോവറിൽ മറികടന്ന് കിവീസ്: ആശ്വാസജയം
Saturday, June 15, 2024 10:30 AM IST
ടറോബ: സൂപ്പർഎട്ട് കാണാതെ പുറത്തായ ന്യൂസിലൻഡിന് ഉഗാണ്ടയ്ക്കെതിരേ ആശ്വാസജയം. ഒമ്പതുവിക്കറ്റിനാണ് കിവീസിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ഉഗാണ്ട വെറും 40 റണ്‍സിനു പുറത്തായപ്പോൾ 5.2 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ന്യൂസിലൻഡ് ലക്ഷ്യംമറികടന്നു. വെസ്റ്റ് ഇന്‍ഡീസിനോടും അഫ്ഗാനിസ്ഥാനോടും തോറ്റ ന്യൂസിലൻഡിന്റെ ഈ ലോകകപ്പിലെ ആദ്യ ജയമാണിത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഉഗാണ്ടയ്ക്ക് കിവീസ് പേസ് നിരയുടെ മുന്നിൽ ഒരുഘട്ടത്തിൽ പോലും പിടിച്ചുനില്‍ക്കാനായില്ല. 18 പന്തില്‍ 11 റണ്‍സെടുത്ത കെന്നത്ത് വൈസ്വ മാത്രമാണ് രണ്ടക്കം കണ്ടത്. നാലു ബാറ്റർമാർ പൂജ്യത്തിനു പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ മസാബ മൂന്ന് റണ്‍സുമായി മടങ്ങി.
നാല് ഓവറില്‍ വെറും നാല് റണ്‍സിന് മൂന്ന് വിക്കറ്റ് പിഴുത പേസര്‍ ടിം സൗത്തിയും ഏഴ് റണ്ണിന് രണ്ട് വിക്കറ്റു വീഴ്ത്തിയ ട്രെന്‍ഡ് ബോള്‍ട്ടും രണ്ട് വിക്കറ്റു വീതം വീഴ്ത്തിയ മിച്ചല്‍ സാന്റ്നറും രചിന് രവീന്ദ്രയുമാണ് ഉഗാണ്ടൻ നിരയെ തകർത്തത്.
മറുപടി ബാറ്റിംഗിനിറങ്ങിയ കിവികള്‍ക്ക് ഓപ്പണര്‍ ഫിന് അലന്റെ (ഒമ്പത്) വിക്കറ്റ് മാത്രമാണ് നഷ്ടമായത്. 22 റണ്‍സെടുത്ത ഡെവണ്‍ കോണ്‍വെയും ഒരു റണ്ണുമായി രചിന് രവീന്ദ്രയും പുറത്താകാതെ നിന്നു. 5.2 ഓവറില്‍ കിവീസ് ജയത്തിലെത്തി.
ന്യൂസിലൻഡ് ഉള്‍പ്പെട്ട ഗ്രൂപ്പ് സിയില്‍ നിന്ന് ഇതിനകം അഫ്ഗാനിസ്ഥാനും വെസ്റ്റ് ഇന്‍ഡീസും സൂപ്പര്‍ എട്ടിന് യോഗ്യത നേടിയിട്ടുണ്ട്.