യുഡിഎഫ് ബഹിഷ്കരിച്ചു; ലോക കേരള സഭയ്ക്ക് ഇന്ന് സമാപനം
Saturday, June 15, 2024 6:36 AM IST
തിരുവനന്തപുരം: നിയമസഭാ മന്ദിരത്തിൽ നടക്കുന്ന ലോക കേരളസഭയ്ക്ക് ഇന്ന് സമാപനം. കുവൈറ്റ് ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആദാരാഞ്ജലികള്‍ അര്‍പ്പിച്ചാണ് നാലാം ലോക കേരള സഭ തുടങ്ങിയത്. യുഡിഎഫ് ബഹിഷ്കരിച്ച സമ്മേളനത്തില്‍ പതിവ് ചര്‍ച്ചകള്‍ മാത്രമാണ് ആദ്യദിനം നടന്നത്.
കുവൈറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സമ്മേളനം മാറ്റിവയ്ക്കണമെന്ന് പ്രതിപക്ഷം ഉൾപ്പടെയുള്ളവർ ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്മാന് കൂടിയായ എം.എ.യൂസഫലി പരിപാടിയിൽ പങ്കെടുക്കുന്നില്ല.
നൂറോളം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുൾപ്പടെ 351 അംഗങ്ങൾ പങ്കെടുക്കുമെന്ന് സർക്കാർ പറഞ്ഞിരുന്നെങ്കിലും സമ്മേളനത്തില്‍ പങ്കെടുക്കുന്ന അംഗങ്ങളുടെ പേരുവിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
മന്ത്രിമാരും ഭരണപക്ഷ എംഎല്‍എമാരും നേതൃത്വം നല്കുന്ന ചര്‍ച്ചകളാണ് സമ്മേളനത്തില്‍ നടക്കുന്നത്. ധൂര്‍ത്ത് ആരോപിച്ച് യുഡിഎഫ് ബഹിഷ്കരിച്ച പരിപാടിയില്‍ പ്രതിപക്ഷത്തുനിന്ന് ആരും പങ്കെടുക്കുന്നില്ല.
പ്രവാസികളുടെ ക്ഷേമ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായി സർക്കാരിന്റെ നേതൃത്വത്തിൽ പ്രവാസി മിഷൻ ആരംഭിക്കേണ്ടതുണ്ടെന്നും പുനഃരധിവാസം മെച്ചപ്പെടുത്തുന്നതിനായി പ്രവാസി ലോട്ടറി ആരംഭിക്കണമെന്നും പ്രവാസികൾ യോഗത്തിൽ ആവശ്യപ്പെട്ടു.