കുവൈറ്റ് ദുരന്തം; ചികിത്സയിലുള്ള മലയാളികൾ അപകടനില തരണംചെയ്തു
Saturday, June 15, 2024 6:27 AM IST
തിരുവനന്തപുരം: കുവൈറ്റ് ദുരന്തത്തില്‍ ചികിത്സയില്‍ തുടരുന്ന മലയാളികളെല്ലാം അപകടനില തരണം ചെയ്തു. ചികിത്സയിലുള്ള 14 മലയാളികളും അപകടനില തരണം ചെയ്തുവെന്ന പുതിയ വിവരമാണ് നിലവിൽ കുവൈറ്റിൽനിന്ന് പുറത്തുവരുന്നത്.
14 മലയാളികള്‍ അടക്കം 31 ഇന്ത്യക്കാരാണ് ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നത്. ഇതിൽ14 മലയാളികളിൽ 13 പേരും നിലവിൽ വാർഡുകളിലാണ് ചികിത്സയിലുള്ളത്. ഇവർ ആരുടെയും നില ഗുരുതരമല്ല.
ഒരാൾ മാത്രമാണ് ഐസിയുവിൽ തുടരുന്നത്. അൽ അദാൻ, മുബാറക് അൽ കബീർ, അൽ ജാബർ, ജഹ്റ ഹോസ്പിറ്റൽ, ഫർവാനിയ ഹോസ്പിറ്റൽ എന്നിവിടങ്ങളിലാണ് പരിക്കേറ്റവർ ചികിത്സയിൽ കഴിയുന്നത്.
അപകടത്തിൽ മരണപ്പെട്ട നാല് മലയാളികളുടെ സംസ്കാരം ഇന്ന് നടക്കു. പുനലൂർ സ്വദേശി സാജൻ ജോർജ്, വിളച്ചിക്കാല സ്വദേശി ലൂക്കോസ്, പന്തളം സ്വദേശി ആകാശ് ശശിധരൻ, കണ്ണൂർ കുറുവ സ്വദേശി അനീഷ് എന്നിവരുടെ സംസ്കാരമാണ് ഇന്ന് നടക്കുക. സാജന്റെ സംസ്കാരം നരിക്കൽ മാർത്തോമാ ചർച്ച് സെമിത്തേരിയിലും ലൂക്കോസിന്റെ സംസ്കാരം വിളച്ചിക്കാല ഐപിസി സെമിത്തേരിയിലുമാണ്.