ജി 7 ഉച്ചകോടി; പ്രധാനമന്ത്രി നരേന്ദ്ര മോദി നാട്ടിലേക്ക് മടങ്ങി
Saturday, June 15, 2024 6:06 AM IST
ന്യൂഡൽഹി: ജി 7 ഉച്ചകോടിയിൽ പങ്കെടുത്തശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി നാട്ടിലേക്ക് മടങ്ങി. ഇറ്റലിയിലെത്തിയ മോദി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ഫ്രാൻസിസ് മാർപാപ്പ തുടങ്ങിയവരുമായി ഉഭയകക്ഷി ചർച്ചകൾ നടത്തിയിരുന്നു.
സാങ്കേതികവിദ്യയിലെ കുത്തക അവസാനിപ്പിക്കണമെന്ന് ജി 7 ക്ഷണിതാക്കളുടെ സമ്മേളനത്തിൽ നരേന്ദ്ര മോദി പറഞ്ഞു. എല്ലാവരെയും ഉൾക്കൊള്ളുന്ന സമൂഹത്തിന് അടിത്തറ പാകുന്നതിനുവേണ്ടിയാകണം സാങ്കേതികവിദ്യയുടെ ഉപയോഗമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സാങ്കേതികവിദ്യ വിനാശകരമായല്ല ക്രിയാത്മകമായിട്ടാണ് ഉപയോഗിക്കേണ്ടത്. മാനുഷികമൂല്യങ്ങളിൽ ഊന്നിയ നല്ല ഭാവിയാണ് സാങ്കേതികവിദ്യയിൽ ഇന്ത്യ ആഗ്രഹിക്കുന്നതെന്നും മോദി പറഞ്ഞു. സമ്മേളനത്തിനിടെ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയ മോദി അദ്ദേഹത്തെ ഇന്ത്യയിലേക്ക് ക്ഷണിച്ചു.