മാർപാപ്പയെ ഇന്ത്യയിലേക്കു ക്ഷണിച്ച് നരേന്ദ്ര മോദി
Friday, June 14, 2024 11:01 PM IST
റോം: ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യയിലേക്കു ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇറ്റലിയിൽ നടക്കുന്ന ജി-7 ഉച്ചകോടിയുടെ സമ്മേളനത്തിനിടെ നടത്തിയ കൂടിക്കാഴ്ചയിലാണു മാർപാപ്പയെ ഇന്ത്യാ സന്ദർശനത്തിനു മോദി ക്ഷണിച്ചത്.
ജി 7 ഉച്ചകോടിയുടെ ഭാഗമായി മാർപാപ്പയുമായി താൻ കൂടിക്കാഴ്ച നടത്തിയെന്നും ജനങ്ങളെ സേവിക്കാനും ലോകത്തെ കൂടുതൽ മികച്ചതാക്കാനുമുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെ താൻ ആദരിക്കുന്നതായും മോദി പറഞ്ഞു. ഇന്ത്യ സന്ദർശിക്കാൻ മാർപാപ്പയെ ക്ഷണിച്ചതായും മോദി പിന്നീട് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
ഉച്ചകോടിയിൽ നിർമിതബുദ്ധിയുടെ ഉപയോഗവുമായി ബന്ധപ്പെട്ട ചർച്ചയിൽ ഫ്രാൻസിസ് മാർപാപ്പ പങ്കെടുത്തു സംസാരിച്ചു.
നയതന്ത്രബന്ധം തുടങ്ങിയ 1948 മുതൽ വത്തിക്കാനുമായി ഇന്ത്യക്കു സുദൃഢമായ ബന്ധമാണുള്ളതെന്ന് മോദി-മാർപാപ്പ കൂടിക്കാഴ്ചയെക്കുറിച്ചു വിശദീകരിക്കവേ പ്രധാനമന്ത്രിയുടെ ഓഫീസ് ചൂണ്ടിക്കാട്ടി.