ബാർ കോഴയ്ക്ക് പിന്നിലെ കറുത്ത കരങ്ങൾ പുറത്തുവരണം: തിരുവഞ്ചൂർ
Friday, June 14, 2024 8:24 PM IST
കോട്ടയം: ബാർ കോഴയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്ന കറുത്ത കൈകൾ ആരുടേതാണെന്ന് പുറത്തുവരണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ. കോഴ വിവാദത്തെ കുറിച്ചല്ല, വിവാദ ഓഡിയോ എങ്ങനെ പുറത്തായി എന്നാണ് ഇപ്പോഴും അന്വേഷണം നടത്തുന്നത്.
തന്റെ മകനെ കൂടി ഈ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കാനുള്ള ശ്രമം നടത്തുകയാണ്. വിവാദ ഓഡിയോ പുറത്തുവിട്ട അനിമോന്റെ അടുത്ത ബന്ധു സിപിഎമ്മിന്റെ സംസ്ഥാന സമിതി അംഗമാണ്. അനിമോനുമായി ആർക്കാണ് ബന്ധമുള്ളതെന്ന് സിപിഎം വ്യക്തമാക്കണം.
ഇതുമായി യാതൊരു ബന്ധവും ഇല്ലാത്ത തന്റെ ഓഫീസിലേക്ക് ഇന്ന് മാർച്ച് നടത്തിയ പ്രവർത്തകർക്ക് ഇതൊന്നും അറിയില്ലന്നും ഇല്ലാത്ത ആരോപണങ്ങൾ ഉയർത്തി ആവശ്യമില്ലാതെ ചെളിവാരി എറിയാനാണ് സിപിഎം ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
തന്റെ മകൻ ബാർ ഉടമകളുടെ യൂണിയനിലോ വാട്സ് ആപ്പ് ഗ്രൂപ്പിലോ അംഗമല്ല. തിരുവനന്തപുരത്ത് താമസിച്ച് ഐടി മേഖലയിൽ പ്രവർത്തിക്കുന്ന മകനെ ഇതിലേക്ക് വലിച്ചിഴക്കാനുള്ള ശ്രമം പൊതുസമൂഹം തള്ളിക്കളയുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി.