അടുത്ത വാദം കേൾക്കുന്നതുവരെ യെദിയൂരപ്പയുടെ അറസ്റ്റ് തടഞ്ഞ് കർണാകട ഹൈക്കോടതി
Friday, June 14, 2024 7:24 PM IST
ബംഗളൂരു: പോക്സോ കേസിൽ കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ അറസ്റ്റ് തടഞ്ഞ് കർണാടക ഹൈക്കോടതി. അടുത്ത വാദം കേൾക്കുന്ന ജൂൺ 17 വരെ യെദിയൂരപ്പയെ അറസ്റ്റ് ചെയ്യാനാകില്ലെന്ന് കോടതി ഉത്തരവിട്ടു.
കഴിഞ്ഞ ദിവസം ബംഗളൂരു അതിവേഗ പോക്സോ കോടതി യെദിയൂരപ്പയ്ക്കെതിരെ ജാമ്യമില്ല അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കേസിൽ അറസ്റ്റ് ഉണ്ടാകുമെന്ന് ഉറപ്പായതോടെ യെദിയൂരപ്പ കർണാടക ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. എന്നാൽ, ഈ കേസ് കോടതി ഇന്ന് പരിഗണനയ്ക്കെടുത്തിട്ടില്ല. തനിക്കെതിരായ പോക്സാ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യെദിയൂരപ്പ മുന്പ് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്നു പരിഗണിക്കവേയാണ് അറസ്റ്റ് തടഞ്ഞത്.
നേരത്തേ കേസിൽ ഹാജരാകണമെന്നു ചൂണ്ടിക്കാട്ടി യെദിയൂരപ്പയ്ക്ക് അന്വേഷണസംഘം നോട്ടീസ് നൽകിയിരുന്നു. ബംഗളൂരുവിൽ ഇല്ലാത്തതിനാൽ തിങ്കളാഴ്ച ഹാജരാകാമെന്നായിരുന്നു യെദിയൂരപ്പയുടെ മറുപടി.
എന്നാൽ, പോക്സോ കേസായതിനാൽ ഈ മാസം 15ന് മുമ്പ് കുറ്റപത്രം സമർപ്പിക്കണമെന്നും യെദിയൂരപ്പയുടെ മൊഴി രേഖപ്പെടുത്തണമെന്നും അന്വേഷണസംഘം കോടതിയെ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി അന്വേഷണസംഘം നല്കിയ നോട്ടീസിന് മറുപടി നൽകാത്തതിനെത്തുടർന്നാണ് കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. രണ്ടു ലക്ഷം രൂപ നൽകി പരാതിക്കാരിയെ സ്വാധീനിക്കാൻ യെദിയൂരപ്പ ശ്രമിച്ചതായും അന്വേഷണസംഘം കോടതിയെ അറിയിച്ചു.
ചോദ്യംചെയ്യലിന് സിഐഡി മുന്പാകെ ഹാജരാകണമെന്നാവശ്യപ്പെട്ട് യെദിയൂരപ്പയ്ക്ക് നോട്ടീസ് അയച്ചതായും ആവശ്യമെങ്കിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമെന്നും ആഭ്യന്തരമന്ത്രി ഡി. പരമേശ്വര പറഞ്ഞു. കേസിൽ യെദിയൂരപ്പയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇരയുടെ സഹോദരനും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
ഫെബ്രുവരി രണ്ടിന് വീട്ടിൽ അമ്മയോടൊപ്പം എത്തിയ 17കാരിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് യെദിയൂരപ്പയ്ക്ക് എതിരേയുള്ള പരാതി. പെൺകുട്ടിയുടെ അമ്മയാണു പോലീസിൽ പരാതി നൽകിയത്.
പരാതിക്കാരിയായ 54കാരി കഴിഞ്ഞമാസം അർബുദത്തിനു ചികിത്സയിലിരിക്കേ മരിച്ചിരുന്നു. ബിജെപി കേന്ദ്ര പാർലമെന്ററി സമിതി അംഗമായ യെദിയൂരപ്പ പാർട്ടി പരിപാടികളുമായി ബന്ധപ്പെട്ടു നിലവിൽ ഡൽഹിയിലാണുള്ളത്.