സമാധാന ചർച്ചകൾക്കായി, യുക്രെയ്ൻ സൈന്യത്തെ പിൻവലിക്കണമെന്ന് പുടിൻ
Friday, June 14, 2024 6:53 PM IST
മോസ്കോ: യുക്രെയ്ൻ തങ്ങളുടെ പ്രദേശങ്ങൾ വിട്ടുനൽകുകയും നാറ്റോ പ്രവേശത്തിനുള്ള നീക്കങ്ങൾ അവസാനിപ്പിക്കുകയും ചെയ്താൽ മാത്രമേ മോസ്കോ വെടിവയ്പ് അവസാനിപ്പിച്ച് സമാധാന ചർച്ചകൾ ആരംഭിക്കുകയുള്ളുവെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമീർ പുടിൻ.
ഡൊണെറ്റ്സ്ക് പീപ്പിൾസ് റിപ്പബ്ലിക്, ലുഗാൻസ്ക് പീപ്പിൾസ് റിപ്പബ്ലിക്, കെർസണ്‍, സപ്പോരിജിയ മേഖലകളിൽ നിന്ന് യുക്രെനിയൻ സൈനികരെ പൂർണമായും പിൻവലിക്കണം. ടെലിവിഷനിലൂടെ റഷ്യൻ നയതന്ത്രജ്ഞരെ അഭിസംബോധന ചെയ്യുകയായിരുന്നു പുടിൻ.
2022ൽ ഈ നാല് പ്രദേശങ്ങൾ കൂടിച്ചേർന്നതായി റഷ്യ അവകാശപ്പെട്ടിരുന്നു. അവയിലൊന്നിന്റെ മേൽ റഷ്യയ്ക്ക് പൂർണ്ണ നിയന്ത്രണമില്ലായിരുന്നു. നാറ്റോ നീക്കത്തിൽനിന്നു പിൻമാറിയാൽ ഉടൻ സമാധാന ചർച്ച ആരംഭിക്കുമെന്നും പുടിൻ കൂട്ടിച്ചേർത്തു.