വനിതാ ഓട്ടോ ഡ്രൈവറെ ആക്രമിച്ച സംഭവം; പ്രധാന പ്രതികൾ സംസ്ഥാനം വിട്ടെന്ന് സൂചന
Friday, June 14, 2024 3:40 PM IST
കൊച്ചി: വനിതാ ഓട്ടോ ഡ്രൈവറായ കുഴുപ്പിള്ളി തച്ചാട്ടുതറ ജയ (47) യെ രാത്രി ഓട്ടം വിളിച്ചു കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രധാന പ്രതികൾ സംസ്ഥാനം വിട്ടതായി സൂചന. ജയയുടെ അടുത്ത ബന്ധുവും ഗൂഢാലോചനക്കുറ്റത്തിന് അറസ്റ്റിലായ പ്രിയങ്കയുടെ ഭർത്താവായ സജീഷ്, ക്വട്ടേഷൻ സംഘത്തിലെ മറ്റ് മൂന്ന് പേർ എന്നിവരാണ് ഒളിവിലുള്ളത്.
സജീഷിന്റെ പക്കൽ ധാരാളം പണം ഉള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. ഭാര്യാ സഹോദരൻ വാഹനാപകടത്തിൽ മരിച്ച വകയിൽ ലഭിച്ച തുകയിൽ നല്ലൊരു ശതമാനവും ഇയാൾ കൈയടക്കിയ സാഹചര്യത്തിലാണ് കൂടുതൽ പണം കൈയിൽ വരാൻ കാരണം. ക്വട്ടേഷൻ ടീമുകൾ അരൂർ, കുമ്പളം മേഖലയിലുള്ളവരാണെന്നാണ് സൂചന.
അതേസമയം ഇവർക്ക് മുൻ കേസുകൾ ഉള്ളതായി സൂചനകളില്ല. സജീഷിന്റെ ഫോണിലെ കോൾ ലിസ്റ്റ് പരിശോധിച്ച പോലീസ് സംഭവം നടന്നതും കഴിഞ്ഞതുമായ ദിവസങ്ങളിൽ സജീഷ് വിളിച്ചിരുന്നവരെ കണ്ടെത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞിരുന്നു. കാര്യമായ വിവരങ്ങൾ കിട്ടിയില്ലെന്നാണ് അറിവ്. എങ്കിലും പ്രതികൾക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.