നടൻ ദർശൻ പ്രതിയായ കൊലപാതകക്കേസിൽ വഴിത്തിരിവ്; രേണുകാസ്വാമിയെ എത്തിച്ച കാർ ഡ്രൈവർ കീഴടങ്ങി
Friday, June 14, 2024 3:39 PM IST
ബംഗളുരു: കന്നഡ നടൻ ദർശൻ തൂഗുദീപയ്ക്കെതിരായ കൊലപാതകക്കേസിൽ പുതിയ വഴിത്തിരിവ്. കൊല്ലപ്പെട്ട രേണുകാസ്വാമിയെ വീട്ടിൽ നിന്ന് കൊണ്ടുപോയ വാഹനത്തിന്റെ ഡ്രൈവർ പോലീസിനു മുന്നിൽ കീഴടങ്ങി. ചിത്രദുർഗയിലെ ഡപ്യൂട്ടി സുപ്രണ്ട് ഓഫ് പോലീസിന്റെ ഓഫീസിലെത്തിയാണ് ഡ്രൈവർ രവി കീഴടങ്ങിയത്.
രേണുക സ്വാമിയെ ബംഗളൂരുവിലേക്ക് കൊണ്ടുപോകാൻ രാഘവേന്ദ്ര എന്ന എന്ന മറ്റൊരു പ്രതിയും മറ്റുള്ളവരും ചേർന്ന് ഒരു ടാക്സി ഏർപ്പാട് ചെയ്തിരുന്നു. അന്നു വൈകുന്നേരത്തോടെ പ്രതികളെല്ലാം ചിത്രദുർഗ നഗരത്തിൽ നിന്ന് രവിയുടെ കാറിൽ കയറിയാണ് ബംഗളൂരുവിലെത്തിയത്.
ഇവരെ ബംഗളൂരുവിൽ ഇറക്കിയ ശേഷം രവി ഒളിവിൽ പോവുകയായിരുന്നു. പിന്നീട് ചിത്രദുർഗയിലെ ടാക്സി അസോസിയേഷനുമായി ബന്ധപ്പെട്ടപ്പോൾ അവരാണ് പോലീസിൽ കീഴടങ്ങാൻ രവിയോട് പറഞ്ഞത്.
ദര്‍ശന്റെ സുഹൃത്ത് പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ചതിന്റെ പേരിലാണ് കൊലപാതകമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ദർശനും പവിത്രയ്ക്കും പുറമെ 11 പേർ കേസിൽ പേലീസ് കസ്റ്റഡിയിലാണ്.