വീണാജോര്‍ജിന് അനുമതി നിഷേധിച്ചത് കീഴ്വഴക്കമില്ലാത്തതിനാല്‍ : വി.മുരളീധരന്
Friday, June 14, 2024 10:01 AM IST
കോട്ടയം: ആരോഗ്യമന്ത്രി വീണാജോര്‍ജിന്റെ കുവൈറ്റ് യാത്രയ്ക്ക് അനുമതി നിഷേധിച്ച സംഭവത്തില്‍ പ്രതികരണവുമായി മുന്‍ വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്. വിദേശത്ത് ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ സംസ്ഥാനത്തുനിന്നു മന്ത്രിമാര്‍ പോകുന്ന കീഴ്വഴക്കമില്ലെന്ന് മുരളീധരന് പറഞ്ഞു.
"രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി തന്നെ നേരിട്ട് കുവൈറ്റിലേക്ക് പോയിട്ടുണ്ട്. കേരളത്തില്‍നിന്ന് മന്ത്രി പോയാല്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള മന്ത്രിമാരും ഇത് പിന്തുടരും. നിലവില്‍ മറ്റൊരു സംസ്ഥാനങ്ങളില്‍ നിന്നും മന്ത്രിമാര്‍ പോയിട്ടില്ല. ഈ അനാവശ്യ കീഴ്വഴക്കം ഇല്ലാതാക്കാനാകും സംസ്ഥാന മന്ത്രിക്ക് പൊളിറ്റിക്കല്‍ ക്ലീയറന്‍സ് നല്‍കാത്തത്' അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി 9.40നുള്ള വിമാനത്തിലാണ് വീണ ജോര്‍ജ് കുവൈറ്റിലേക്ക് പോകാനിരുന്നത്. എന്നാല്‍ യാത്രയിക്ക് അനുമതി ലഭിക്കാതെയിരുന്നതോടെ ആ മന്ത്രി മടങ്ങുകയായിരുന്നു. കേന്ദ്രത്തിന്റെ നടപടി തെറ്റാണെന്നും നിര്‍ഭാഗ്യകരമാണെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.