കേന്ദ്രത്തിൽ ബിജെപിക്കൊപ്പം, കേരളത്തിൽ ഇടതിനൊപ്പം: കൃഷ്ണൻകുട്ടിക്ക് മന്ത്രിക്കസേര നഷ്ടമായേക്കും
നവാസ് മേത്തർ
Thursday, June 13, 2024 3:37 PM IST
തലശേരി: സംസ്ഥാനമന്ത്രിസഭാ പുനഃസംഘടനയിൽ മന്ത്രി കെ. കൃഷ്ണൻകുട്ടിക്കു പദവി നഷ്ടപ്പെടാൻ സാധ്യത. കേന്ദ്രത്തിൽ ബിജെപിക്കൊപ്പവും കേരളത്തിൽ ഇടതുമുന്നണിക്കൊപ്പവും നിൽക്കുന്ന ജനതാദൾ -എസ് നിലപാട് ഇടതുമുന്നണിക്കു വലിയ തലവേദനയായി മാറിയ സാഹചര്യത്തിൽ കൃഷ്ണൻകുട്ടിയെ മന്ത്രിസഭയിൽനിന്നു മാറ്റുന്നതു സംബന്ധിച്ചു മുന്നണി നേതാക്കൾക്കിടയിർ ചർച്ച സജീവമാണ്.
ജെഡിഎസ് നേതാവ് കുമാരസ്വാമി കേന്ദ്രത്തിൽ ബിജെപി നേതൃത്വം നൽകുന്ന കേന്ദ്ര മന്ത്രിസഭയിൽ അംഗമായതോടെ കൃഷ്ണൻകുട്ടി വിഷയം ഇടതുമുന്നണിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പാർലമെന്റ് തെരഞ്ഞെടുപ്പ് തോൽവിക്കു പുറമെ ബിജെപിക്കൊപ്പമുള്ള കക്ഷി സംസ്ഥാന മന്ത്രിസഭയിൽ തുടരുന്നതതാണ് ഇടതുമുന്നണിയെ പ്രതിസന്ധിയിലാക്കുന്നത്. ഈ സാഹചര്യത്തിലാണ് മുഖം രക്ഷിക്കാൻ കൃഷ്ണൻകുട്ടിയെ മന്ത്രിസ്ഥാനത്തുനിന്നു മാറ്റുന്നതിനെക്കുറിച്ചുള്ള ആലോചന നടക്കുന്നത്.
കൃഷ്ണൻ കുട്ടിക്കു പകരം ഘടകകക്ഷിയായ ആർജെഡിയിലെ കൂത്തുപറന്പ് എംഎൽഎ കെ.പി. മോഹനനെ മന്ത്രിപദത്തിലേക്കു പരിഗണിക്കാനുള്ള സാധ്യയുണ്ട്. രാജ്യസഭാ സീറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടർന്നുള്ള ആർജെഡിക്കുള്ള അതൃപ്തി ഇതിലൂടെ ശമിപ്പിക്കാമെന്നാണ് സിപിഎം ഉൾപ്പെടെയുള്ള മുന്നണിയിലെ കക്ഷികൾ കരുതുന്നത്.
രാജ്യസഭാസീറ്റ് നിഷേധിക്കപ്പെട്ടതിൽ പാർട്ടി സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ്കുമാർ കടുത്ത അമർഷം രേഖപ്പെടുത്തിയിരുന്നു. ഇടതുമുന്നണി നിരന്തരമായി പാർട്ടിയെ അവഗണിക്കുകയാണെന്നും ശ്രേയാംസ്കുമാർ പരസ്യമായി തന്നെ പ്രസ്താവിച്ചിരുന്നു.
ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് കേന്ദ്രത്തിൽ ബിജെപിക്കൊപ്പം ഭരണം പങ്കിടുന്ന ജെഡിഎസ് പ്രതിനിധിയായ കൃഷ്ണൻകുട്ടിയെ മന്ത്രിസഭയിൽനിന്നു നീക്കി പ്രതിച്ഛായ വർധിപ്പിക്കാനും ആർജെഡിയുടെ അതൃപ്തിക്കു പരിഹാരം കാണാനും നീക്കം നടക്കുന്നത്. ഇതിനു പുറമേ ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ പദവിയും ആർജെഡിക്ക് നൽകാൻ ആലോചനയുണ്ട്.
അതേസമയം കെ.പി. മോഹനനെ മന്ത്രിയാക്കുന്നതിൽ ശ്രേയാംസ്കുമാർ പക്ഷത്തിനു വലിയ താത്പര്യമില്ലെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. മുന്നണി വിടുകയാണു നല്ലതെന്നാണ് ഇക്കൂട്ടർ വാദിക്കുന്നത്.
യുഡിഎഫിൽ എത്തിയാൽ അടുത്ത ഭരണം കിട്ടുമെന്നും കൂടുതൽ സുരക്ഷിതം അതാണെന്നുമാണ് ശ്രേയാംസ് കുമാർ വിഭാഗം ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, ഇടതുമുന്നണി വിടുന്നതിനോട് കെ.പി മോഹനനെ അനുകൂലിക്കുന്നവർ യോജിക്കുന്നില്ല. വീണ്ടും യുഡിഎഫിലെത്തിയാൽ കെ.പി മോഹനന്റെ സ്ഥിതി പരുങ്ങലിലാകുമെന്നാണ് ഇവരുടെ വിലയിരുത്തൽ.
ഇതിനിടയിൽ ജെഡിഎസിലെയും ആർജെഡിയിലെയും പ്രമുഖരായ നേതാക്കൾ സമാജ്വാദി പാർട്ടിയിൽ ചേരാനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്. ലക്നൗവിൽ അഖിലേഷ് യാദവുമായി നേതാക്കളിൽ ചിലർ ചർച്ച നടത്തി.
അഖിലേഷ് യാദവ്-രാഹുൽ ഗാന്ധി ബന്ധത്തിലൂടെ കേരളത്തിലെ യുഡിഎഫിൽ സജീവമാവുകയാണ് ഇവരുടെ ലക്ഷ്യം.