അരുണാചൽ മുഖ്യമന്ത്രിയായി മൂന്നാംവട്ടവും പേമ ഖണ്ഡു; സത്യപ്രതിജ്ഞയിൽ പങ്കെടുത്ത് കേന്ദ്രമന്ത്രിമാർ
Thursday, June 13, 2024 12:16 PM IST
ഇറ്റാനഗർ: ബിജെപി നേതാവ് പേമ ഖണ്ഡു വീണ്ടും അരുണാചല്‍ പ്രദേശിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പേമ ഖണ്ഡു തുടര്‍ച്ചയായ മൂന്നാം തവണയാണ് അരുണാചലിന്റെ മുഖ്യമന്ത്രിയാകുന്നത്.
ഗവര്‍ണര്‍ കെ.ടി.പര്നായക് സത്യവാചകം ചൊല്ലികൊടുത്തു. ഇറ്റാനഗറിലെ ഡികെ കണ്വന്ഷന് സെന്ററിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി ജെ.പി.നദ്ദ, പാര്‍ലമെന്ററികാര്യമന്ത്രി കിരണ്‍ റിജിജു, ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.
44കാരനായ പേമ ഖണ്ഡു 2016ലാണ് ആദ്യമായി അരുണാചൽ മുഖ്യമന്ത്രിയാകുന്നത്. അറുപതിൽ 46 സീറ്റിലും വിജയിച്ചാണ് സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തുന്നത്. 2019ൽ 41 സീറ്റുകളായിരുന്നു ബിജെപി നേടിയത്. ബുധനാഴ്ച ചേർന്ന ബിജെപി നേതൃയോഗത്തിലാണ് പേമ ഖണ്ഡുവിനെ വീണ്ടും മുഖ്യമന്ത്രിയായി തീരുമാനിച്ചത്.