ഡൽഹിയിൽ തോക്ക് ചൂണ്ടി 50 ലക്ഷം രൂപ കവർന്നു
Thursday, June 13, 2024 1:55 AM IST
ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ അക്ഷർധാം ക്ഷേത്രത്തിന് സമീപം തോക്ക് ചൂണ്ടി രണ്ടുപേരിൽ നിന്നും 50 ലക്ഷം രൂപ കവർന്നു. ഗാസിയാബാദ് ആസ്ഥാനമായുള്ള ചാർട്ടേഡ് അക്കൗണ്ടന്റിന്റെ ജീവനക്കാരിൽ നിന്നുമാണ് പണം കവർന്നത്.
ക്ഷേത്രത്തിൽ നിന്ന് ഏതാനും മീറ്റർ അകലെയുള്ള പാണ്ഡവ് നഗറിലാണ് സംഭവം നടന്നതെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ജീവനക്കാരായ മോഹിത് ശർമയും അരുൺ ത്യാഗിയും പടിഞ്ഞാറൻ ഡൽഹിയിലുള്ള ഒരാളിൽ നിന്ന് പണം വാങ്ങി മോട്ടോർ സൈക്കിളിൽ ഗാസിയാബാദിലേക്ക് പോകുകയായിരുന്നു.
ക്ഷേത്രത്തിനടുത്തുള്ള നാഷണൽ ഹൈവേ ഒൻപതിൽ എത്താറായപ്പോൾ രണ്ടു ബൈക്കുകളിലായി എത്തിയ നാലുപേർ തോക്ക് ചൂണ്ടിയതിന് ശേഷം ഇവരോട് ബൈക്ക് നിർത്താൻ ആവശ്യപ്പെട്ടു.
ശർമയും ത്യാഗിയും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കവർച്ചക്കാർ ബൈക്കിൽ ഇടിച്ചതിനെ തുടർന്ന് ഇവർ റോഡിൽ വീണു. സംഘർഷത്തിനിടെ പ്രതികളിലൊരാളും റോഡിൽ വീണു.
മറ്റ് മൂന്ന് പേർ പണമടങ്ങിയ ബാഗ് തട്ടിയെടുത്ത് കൂടെയുണ്ടായിരുന്നയാളെ ഉപേക്ഷിച്ച് സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതികളിൽ ഒരാളെ സമീപമുണ്ടായിരുന്നവർ പിടികൂടി പോലീസിന് കൈമാറി.