മഴക്കാലം: വയറിളക്ക രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി
Wednesday, June 12, 2024 7:47 PM IST
തിരുവനന്തപുരം: മഴക്കാലത്ത് വയറിളക്ക രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വയറിളക്കം മൂലമുള്ള സങ്കീർണതകൾ ഒഴിവാക്കാൻ അവബോധം വളരെ പ്രധാനമാണ്. ആഹാരത്തിലൂടെയും വെള്ളത്തിലൂടെയും വയറിളക്ക രോഗങ്ങൾ ഉണ്ടാകാം. അതിനാൽ തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കണമെന്നും മന്ത്രി പറഞ്ഞു.
രുചിയിലോ മണത്തിലോ വ്യത്യാസമുള്ള ഭക്ഷണം കഴിക്കരുത്. ഭക്ഷണവും വെള്ളവും തുറന്ന് വയ്ക്കരുത്. ലോകത്ത് അഞ്ച് വയസിനു താഴെയുള്ള കുട്ടികളിൽ മരണ കാരണമാകുന്ന പ്രധാനപ്പെട്ട രോഗങ്ങളിലൊന്നാണ് വയറിളക്ക രോഗങ്ങൾ. വയറിളക്ക രോഗമുണ്ടായാൽ ശരീരത്തിൽ ജലാംശം നഷ്ടപ്പെടുന്ന അവസ്ഥയായ നിർജലീകരണം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം.
വയറിളക്കം ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം, ഒആർഎസ് എന്നിവ നൽകുന്നത് വഴി നിർജലീകരണം തടയുവാനും രോഗം ഗുരുതരമാകാതിരിക്കുവാനും സാധിക്കുന്നതാണ്.
സംസ്ഥാനത്തെ എല്ലാ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലും ഒആർഎസ്, സിങ്ക് എന്നിവ സൗജന്യമായി ലഭിക്കും. വയറിളക്കം നിൽക്കുന്നില്ലെങ്കിൽ എത്രയും വേഗം ഡോക്ടറെ സമീപിക്കേണ്ടതാണെന്നും മന്ത്രി അഭ്യർഥിച്ചു.