കെഎസ്ആർടിസി: ഫോൺ എടുത്തില്ലെങ്കിലും ഫയൽ വൈകിപ്പിച്ചാലും കർശന നടപടി
പ്രദീപ് ചാത്തന്നൂർ
Wednesday, June 12, 2024 3:42 PM IST
ചാത്തന്നൂർ: കെഎസ്ആർടിസിയിലെ ഒരു ഫയലും അഞ്ചു ദിവസത്തിൽ കൂടുതൽ താമസിപ്പിക്കരുതെന്നും ഫയലുകൾ താമസിപ്പിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും ഗതാഗതമന്ത്രി കെ.ബി.ഗണേഷ്കുമാറിന്റെ മുന്നറിയിപ്പ്.
ഒരു മണിക്കൂർ കൊണ്ട് തീർപ്പാക്കാവുന്ന ഫയലുകളാണ് ഓരോ ഉദ്യോഗസ്ഥന്റെയും മുന്നിലുള്ളത്. അതിൽ തീരുമാനം ഉടൻ ഉണ്ടാകണം. സഹപ്രവർത്തകരുടെ പ്രശ്നമാണെന്ന ബോധത്തോടെ കൃത്യമായി നടപടി എടുക്കണം.
ചീഫ് ഓഫീസിലെ കൺട്രോൾ റൂമിൽ പോലും ഫോൺ എടുക്കുന്നില്ല എന്ന പരാതി വ്യാപകമാണ്. ഓഫീസുകളിലും ബസ് സ്റ്റേഷനുകളിലും ഇതാണ് അവസ്ഥ. ഫോൺ എടുത്തില്ലെങ്കിൽ കൃത്യമായി പണികിട്ടും. പൊതുജനങ്ങൾക്ക് അവരുടെ പരാതി പറയാൻ പുതിയ സംവിധാനം ഒരുക്കും.
വൈദ്യുതിയും വെള്ളവും പാഴാക്കുന്നത് അവസാനിപ്പിക്കണം. സീറ്റുകളിൽ ഉദ്യോഗസ്ഥർ ഇല്ലാത്തപ്പോൾ ഫാനും ലൈറ്റും നിർബന്ധമായും ഓഫാക്കണം. ഇത് ചില ഓഫീസുകളിലെങ്കിലും നടപ്പാക്കിയപ്പോൾ മാർച്ചിൽ 10.68 ലക്ഷം രൂപ വൈദ്യുതി ചാർജിനത്തിൽ ലാഭിക്കാൻ കോർപ്പറേഷന് കഴിഞ്ഞു.
ഇനിയും വൈദ്യുതി ചാർജ് കുറയ്ക്കാൻ കഴിയും. വെള്ളവും പാഴാക്കി കളയരുത്. ടാപ്പിനോ പൈപ്പിനോ കേടുണ്ടായാൽ ഉടൻ തന്നെ പ്ലംബറെ വിളിച്ച് അത് നന്നാക്കിക്കണം. കെഎസ്ആർടിസിയുടെ എല്ലാ ഓഫീസുകളിലും സ്മാർട്ട് സാറ്റർഡേ പ്രോഗ്രാം നടപ്പാക്കും.
ശനിയാഴ്ച ഉച്ചക്ക് ശേഷം ജീവനക്കാർ ഓഫീസ് വൃത്തിയാക്കുകയും ഫയലുകൾ ശരിയായ രീതിയിൽ സൂക്ഷിക്കുകയും ഫാൻവരെയുള്ള ഉപകരണങ്ങളിലെ പൊടി തുടച്ച് വെടിപ്പാക്കുകയും ചെയ്യണം. ഉച്ചയ്ക്ക് മുമ്പേ തന്നെ ജോലികൾ പൂർത്തിയാക്കണം.
എംഎൽഎമാരുടെ ഫണ്ട് ഉപയോഗിച്ച് എല്ലാ കെഎസ്ആർടിസി ഓഫീസുകളും ആറ് മാസത്തിനകം കമ്പ്യൂട്ടർവത്ക്കരിക്കും. ജീവനക്കാരുടെ കുറവ് പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി കെ. ബി. ഗണേശ് കുമാർ ഭരണവിഭാഗം ജീവനക്കാർക്ക് നല്കിയ സന്ദേശത്തിൽ വ്യക്തമാക്കി.