എല്ലാം പെട്ടെന്ന് കഴിഞ്ഞു; നമീബിയയെ ആറോവറിൽ തീർത്ത് ഓസീസ് സൂപ്പർ എട്ടിൽ
Wednesday, June 12, 2024 9:46 AM IST
ആന്റിഗ്വ: ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ ദുർബലരായ നമീബിയയെ ഒമ്പതു വിക്കറ്റിനു തകർത്ത് ഓസ്ട്രേലിയ സൂപ്പർ എട്ടിൽ. ആദ്യം ബാറ്റ് ചെയ്ത നമീബിയ ഉയർത്തിയ 73 റൺസ് വിജയലക്ഷ്യം ആറാമോവറിൽ ഒരുവിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഓസീസ് മറികടന്നു. മൂന്നിൽ മൂന്നു കളികളും ജയിച്ചാണ് ബി ഗ്രൂപ്പിൽ നിന്ന് ഓസ്ട്രേലിയയുടെ സൂപ്പർ എട്ട് പ്രവേശനം.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ നമീബിയയ്ക്ക് 14 റൺസെടുത്തപ്പോഴേ ഓപ്പണർ നിക്കോളാസ് ഡാവിനെ (രണ്ട്) നഷ്ടമായി. പിന്നീട് കൃത്യമായ ഇടവേളകളിൽ നമീബിയയ്ക്ക് വിക്കറ്റ് നഷ്ടമായിക്കൊണ്ടിരുന്നു.
43 ബോളില്‍ 36 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഗെര്‍ഹാര്‍ഡ് എരാസ്മസ് ആണ് നമീബിയയുടെ ബാറ്റിംഗ് നിരയിലെ ടോപ് സ്കോറര്‍. എരാസ്മസിനും പത്തു റൺസെടുത്ത മൈക്കല്‍ വാന്‍ ലിങ്കനും ഒഴികെ മറ്റാർക്കും രണ്ടക്കം പോലും കടക്കാനായില്ല.
ജാന്‍ ഫ്രൈലിന്‍ക് (ഒന്ന്), ജെ.ജെ. സ്മിത്ത് (മൂന്ന്), സേന് ഗ്രീന്‍ (ഒന്ന്), ഡേവിഡ് വീസ് (ഒന്ന്), റൂബന്‍ ട്രംപെല്മാന് (ഏഴ്), ബെന്നാഡ് സ്കോള്‍സ് (പൂജ്യം), ബെന്‍ ഷിക്കോങ്കോ (പൂജ്യം) ജാക്ക് ബ്രേസെല് (രണ്ട് നോട്ടൗട്ട്) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്കോറുകള്‍.
കംഗാരുക്കള്‍ക്കായി സ്പിന്നര്‍ ആദം സാംപ നാലോവറില്‍ 12 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാലുവിക്കറ്റ് വീഴ്ത്തി. പേസര്‍മാരായ ജോഷ് ഹേസല്‍വുഡും മാര്‍ക്കസ് സ്റ്റോയിനിസും രണ്ട് വീതവും പാറ്റ് കമ്മിന്‍സ്, നഥാന്‍ എല്ലിസ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസിന് 21 റൺസെടുത്തപ്പോഴേക്കും ഡേവിഡ് വാർണറെ നഷ്ടമായി. എട്ടു പന്തില്‍ മൂന്ന് ഫോറും ഒരു സിക്സും സഹിതം 20 റണ്‍സായിരുന്നു വാര്‍ണറുടെ സമ്പാദ്യം. രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ ട്രാവിസ് ഹെഡും ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷും ചേർന്ന് 5.4 ഓവറിൽ ഓസീസിനെ അതിവേഗം വിജയത്തിലെത്തിച്ചു.
ട്രാവിസ് ഹെഡ് 17 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്സും സഹിതം 34 റൺസെടുത്തു. മാര്‍ഷ് ഒമ്പതു പന്തില്‍ മൂന്ന് ഫോറും ഒരു സിക്സറും ഉള്‍പ്പടെ 18 റണ്‍സുമായി പുറത്താകാതെ നിന്നു.