പ്ലസ് വൺ പ്രവേശനം; രണ്ടാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
Tuesday, June 11, 2024 7:13 PM IST
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ബുധനാഴ്ച രാവിലെ പത്തുമുതൽ 13 ന് വൈകുന്നേരം അഞ്ചുവരെ അലോട്ട്മെന്റിൽ ഉൾപ്പെട്ടവർക്ക് സ്കൂളുകളിൽ പ്രവേശനം നേടാം.
പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെന്റ് ലെറ്റർ അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ നിന്നും പ്രിന്റ് എടുത്ത് അഡ്മിഷൻ സമയത്ത് നൽകും. ഒന്നാം അലോട്ട്മെന്റിൽ താത്കാലിക പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ഈ അലോട്ട്മെന്റിൽ ഉയർന്ന ഓപ്ഷനിൽ അലോട്ട്മെന്റ് ലഭിച്ചിട്ടില്ലെങ്കിൽ പുതിയ അലോട്ട്മെന്റ് ലെറ്റർ ആവശ്യമില്ല.
മെറിറ്റ് ക്വാട്ടയിൽ ഒന്നാം ഓപ്ഷനിൽ അലോട്ട്മെന്റ് ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. അലോട്ട്മെന്റ് ലെറ്ററിൽ രേഖപ്പെടുത്തിയിട്ടുള്ള ഫീസ് മാത്രമേ അടക്കേണ്ടതുള്ളൂ. താഴ്ന്ന ഓപ്ഷനിൽ അലോട്ട്മെന്റ് ലഭിക്കുന്നവർക്ക് താത്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം.
അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാർഥികളെ തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കില്ല. വിദ്യാർഥികൾക്ക് തങ്ങൾ അപേക്ഷിച്ച ഓരോ സ്കൂളിലേയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങൾ പരിശോധിക്കാം.
അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികളെല്ലാം രക്ഷകർത്താക്കളോടൊപ്പം 13ന് വൈകുന്നേരം അഞ്ചിനു മുൻപായി സ്കൂളുകളിൽ പ്രവേശനത്തിന് ഹാജരാകണം.
അലോട്ട്മെന്റ് വിവരങ്ങൾ www.hscap.kerala.gov.in ലെ Candidate Login-SWS ലെ Second All ot Results എന്ന ലിങ്കിലൂടെ ലഭിക്കും.