അഴുക്കുചാലില്‍ നിന്നുള്ള വിഷവാതകം ശുചിമുറിയില്‍; പുതുച്ചേരിയില്‍ മൂന്നുമരണം
Tuesday, June 11, 2024 11:32 AM IST
പോണ്ടിച്ചേരി: പുതുച്ചേരിയിലെ റെഡ്യാര്പാളയത്ത് മാന്‍ ഹോളിലൂടെയുള്ള വിഷവാതകം ശ്വസിച്ചു ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു. ഒരു പെണ്‍കുട്ടിയും രണ്ട് സ്ത്രീകളുമാണ് മരിച്ചത്. സംഭവത്തിൽ രണ്ടുപേര്‍ കുഴഞ്ഞുവീണു.
വീടിനുള്ളിലെ ശുചിമുറിയിലൂടെയാണ് വിഷവാതകം പുറത്തെത്തിയത്. തെരുവിലെ ഭൂഗര്‍ഭ അഴുക്കുചാലില്‍ നിന്നുള്ള വിഷവാതകം ശുചിമുറിയിലേക്ക് പടര്‍ന്നതാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം.
റെഡ്യാര്പാളയം സ്വദേശിനിയായ സെന്താമരൈ (72) ആണ് ആദ്യം അപകത്തില്‍പ്പെട്ടത്. രാവിലെ ശുചിമുറിയില്‍ കയറിയ ഇവര്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും സെന്താമരൈ പുറത്തെത്താഞ്ഞതിനാല് മകള്‍ കാമാക്ഷിയും ശുചിമുറിയിലേയ്ക്കെത്തി. വിഷവാതകം നിമിത്തം ഇവരും ബോധരഹിതയായി.
ഇരുവരെയും അന്വേഷിച്ചെത്തിയപ്പോഴാണ് കാമാക്ഷിയുടെ മകള്‍ പാക്യലക്ഷ്മി(15) അപകടത്തില്‍പ്പെട്ടത്. അബോധാവസ്ഥയിലായ മൂവരേയും ഉടനടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
സംഭവത്തെ തുടര്‍ന്ന് പ്രദേശത്തുള്ളവരെ അധികൃതര്‍ ഒഴിപ്പിച്ചു. 500ല്‍ പരം കുടുംബങ്ങളാണ് ഈ മേഖലയിലുള്ളത്. ഇവിടെ മലിനജലം ശരിയായ രീതിയില്‍ നീക്കം ചെയ്യുന്നില്ലെന്ന് സമീപവാസികള്‍ ആരോപിച്ചു.അപകടത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.