ലോക കേരളസഭ: ഉദ്ഘാടകനാകാനുള്ള ക്ഷണം തള്ളി ഗവര്‍ണര്‍
Monday, June 10, 2024 6:26 PM IST
തിരുവനന്തപുരം: ലോക കേരളസഭയുടെ ഉദ്ഘാടകനാകാനുള്ള സര്‍ക്കാര്‍ ക്ഷണം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ തള്ളി. ക്ഷണിക്കാനെത്തിയ ചീഫ് സെക്രട്ടറി വി. വേണുവിനെ രൂക്ഷമായി വിമർശിച്ച് ഗവര്‍ണര്‍ മടക്കി അയച്ചു.
സംസ്ഥാന സർക്കാർ നടപടികളിലെ കടുത്ത അതൃപ്തി ചീഫ് സെക്രട്ടറിയോട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുറന്നു പറഞ്ഞു. എസ്എഫ്ഐക്കാര്‍ തന്റെ കാര്‍ തടഞ്ഞതിലടക്കം സര്‍ക്കാര്‍ നടപടികളിലുണ്ടായ വീഴ്ചയടക്കം ഗവർണർ ചൂണ്ടിക്കാട്ടിയതായാണ് വിവരം.
തനിക്കെതിരായ പ്രതിഷേധങ്ങളെ മന്ത്രിമാർ പ്രോത്സാഹിപ്പിച്ചുവെന്നും ഗവർണർ ആരോപിച്ചു. സർക്കാരിന്റെ ഭരണഘടന വിരുദ്ധ നിലപാടുകൾക്ക് ചീഫ് സെക്രട്ടറി കൂട്ടുനിൽക്കരുതെന്നും ഗവർണർ പറഞ്ഞു. ജൂൺ 13 മുതൽ 15 വരെയാണ് ലോകകേരള സഭ.