മോദിയുടെ സത്യപ്രതിജ്ഞ "ഇരുട്ടിലാക്കി' മമത
Monday, June 10, 2024 4:31 PM IST
കോല്‍ക്കത്ത: മൂന്നാം നരേന്ദ്ര മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞയുടെ സമയം മുഴുവന്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇരുട്ടത്താണ് ഇരുന്നതെന്ന് തൃണമൂല്‍ എംപി സാഗരിക ഘോഷിന്റെ വെളിപ്പെടുത്തൽ. ജനങ്ങള്‍ തിരസ്കരിച്ചയാള് വീണ്ടും പ്രധാനമന്ത്രിയാകുന്നത് അംഗീകരിക്കാനാകില്ലെന്ന സന്ദേശമാണ് മമത ഇതിലൂടെ നല്‍കിയതെന്നും സാഗരിക പറഞ്ഞു.
മോദിയെ മാറ്റി പുതിയ ആളെ നേതൃത്വത്തിലേക്ക് കൊണ്ടുവരാൻ ബിജെപി തയാറാകണം. തന്റെ പേരില്‍ ഗ്യാരണ്ടി കൊടുത്തിരുന്ന ആള് സ്വന്തം മണ്ഡലത്തില്‍ കഷ്ടിച്ചാണ് വിജയം നേടിയത്. രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന അയോധ്യ ഉൾപ്പെട്ട ലോക്സഭാ മണ്ഡലത്തിൽ പോലും ബിജെപി പരാജയപ്പെട്ടുവെന്നും തൃണമൂൽ എംപി പരിഹസിച്ചു.
മൂന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് തൃണമൂല്‍ കോണ്‍ഗ്രസ് ബഹിഷ്കരിച്ചിരുന്നു. പ്രതിപക്ഷത്തു നിന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖാര്‍ഗെ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.