ഹൈബിക്കെതിരായ ദയനീയ തോൽവി; ഇടത് സ്ഥാനാർഥിക്കെതിരേ പരാതി പ്രളയം
Sunday, June 9, 2024 1:07 PM IST
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിലെ ദയനീയ തോൽവിക്ക് പിന്നാലെ ജില്ലയിലെ സിപിഎം നേതൃത്വത്തിൽ കടുത്ത പോര്. മണ്ഡലത്തിലെ സ്ഥാനാർഥിയായിരുന്ന കെ.ജെ.ഷൈനിനെതിരേ നിരവധി പരാതികളാണ് നേതൃത്വത്തിന് ലഭിച്ചിരിക്കുന്നത്.
സ്ഥാനാർഥിയുടെ കൈയിലിരിപ്പാണ് ദയനീയ തോൽവിക്ക് കാരണമെന്നാണ് പരാതികളിലെ പ്രധാന ആക്ഷേപം. തെരഞ്ഞെടുപ്പ് സമയം സ്ഥാനാർഥി ആഡംബര സൗകര്യങ്ങൾ ഉൾപ്പടെ ചോദിച്ചുവെന്നും മുതിർന്ന നേതാക്കൾ ഉൾപ്പടെയുള്ളവരോട് ക്ഷോഭിച്ചുവെന്നുമൊക്കെ പരാതികളിലുണ്ട്.
ജില്ലയിൽ മുന്നണി നേതൃത്വം നിശ്ചയിച്ച രീതിയിൽ തെരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ സ്ഥാനാർഥി പങ്കെടുത്തില്ലെന്നും പൊതുയോഗങ്ങൾക്ക് സമയത്ത് വന്നില്ലെന്നും പരാതിയുണ്ട്. വിശ്രമ വേളകളില്‍ എയർകണ്ടീഷന്‍ സൗകര്യമുള്ള മുറി വേണമെന്ന് വാശിപിടിച്ചു തെരഞ്ഞെടുപ്പ് ചുമതലകളിലുണ്ടായിരുന്ന നേതാക്കളോട് കയർത്തു തുടങ്ങിയ ആരോപണങ്ങളും ഉയർന്നുവന്നിട്ടുണ്ട്.
പാർട്ടി അറിയാതെ തെരഞ്ഞെടുപ്പ് ഫണ്ട് വാങ്ങിയെന്ന സാമ്പത്തിക ആരോപണവും ചില മേഖലകളിൽ നിന്നും വന്നിട്ടുണ്ട്. പ്രചാരണത്തിന് എത്താന്‍ വൈകിയപ്പോള്‍ അന്വേഷിച്ച് വിളിച്ച ഘടകകക്ഷി പാർട്ടിയുടെ ജില്ലാ സെക്രട്ടറിയോട് സംസാരിക്കാന്‍ പോലും ഇടത് സ്ഥാനാർഥി തയാറായില്ലെന്നും പരാതിയുണ്ട്. തെരഞ്ഞെടുപ്പ് വിലയിരുത്തലിനായി തിങ്കളാഴ്ച ചേരുന്ന സിപിഎം ജില്ലാ കമ്മിറ്റി ആക്ഷേപങ്ങളെല്ലാം ചർച്ച ചെയ്യും.
വനിത, ലത്തീൻ സഭാംഗം തുടങ്ങിയ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് ഷൈനിനെ എറണാകുളത്ത് സ്ഥാനാർഥിയായി സിപിഎം നിശ്ചയിച്ചത്. പറവൂർ നഗരസഭാ കൗൺസിലറും ലോക്കൽ കമ്മിറ്റി അംഗവുമായ വനിതാ നേതാവ് മികച്ച പ്രാസംഗിക കൂടിയാണ്. ഇതും പാർട്ടി പരിഗണനയ്ക്ക് എടുത്തു.
സിപിഎം ഏതാണ്ട് തോൽവി ഉറപ്പിച്ച് മത്സരിക്കുന്ന മണ്ഡലത്തിൽ ഹൈബിയുടെ ഭൂരിപക്ഷം കുറയ്ക്കാൻ എങ്കിലും ഷൈനിന് സാധിക്കുമെന്നായിരുന്നു പാർട്ടിയുടെ കണക്കുകൂട്ടൽ. എന്നാൽ യുഡിഎഫ് സ്ഥാനാർഥി നേടിയ 2,48,930 എന്ന ഭൂരിപക്ഷത്തേക്കാൾ കുറവായിരുന്നു വനിതാ സ്ഥാനാർഥിയുടെ ആകെ വോട്ട്. 2,30,059 വോട്ടുകൾ മാത്രമാണ് ഇടത് സ്ഥാനാർഥിക്ക് ലഭിച്ചത്.