സത്യപ്രതിജ്ഞ ഞായറാഴ്ച: മന്ത്രിസഭാരൂപീകരണ ചർച്ചകൾ ഊർജിതം, വിട്ടുവീഴ്ചയില്ലാതെ ടിഡിപിയും ജെഡി-യുവും
Saturday, June 8, 2024 12:28 PM IST
ന്യൂഡൽഹി: മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച നടക്കാനിരിക്കെ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ രാജ്യതലസ്ഥാനത്ത് ഊർജിതം. ഇന്നു നടക്കുന്ന സുപ്രധാനയോഗത്തിൽ മന്ത്രിമാരുടെ കാര്യത്തിൽ അന്തിമതീരുമാനമായേക്കും. മന്ത്രിസ്ഥാനം സംബന്ധിച്ചു സഖ്യകക്ഷികളുമായി ധാരണയിൽ എത്തിയിട്ടില്ലെന്നാണ് സൂചനകൾ. എൻഡിഎ മന്ത്രിമാരുടെ പട്ടിക ഇന്നോ ഞായറാഴ്ച രാവിലെയോ പുറത്തുവിടുമെന്ന് ബിജെപി വൃത്തങ്ങൾ അറിയിച്ചു.
സഖ്യകക്ഷികളുമായുള്ള ചർച്ചകൾ തുടരുകയാണ്. അതേസമയം, സ്പീക്കർ സ്ഥാനം സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല. സ്പീക്കർ പദവി സഖ്യകക്ഷികൾക്കു നൽകിയേക്കും. ഇതു സംബന്ധിച്ചും ചർച്ച തുടരാനാണു ധാരണ.
വെള്ളിയാഴ്ച രാത്രി ബിജെപി അധ്യക്ഷൻ ജെ.പി. നദ്ദയുടെ വസതിയിൽ സഖ്യകക്ഷി നേതാക്കൾ യോഗം ചേർന്നിരുന്നു. കാബിനറ്റ് മന്ത്രി, സഹമന്ത്രി സ്ഥാനങ്ങൾ അഞ്ചെണ്ണം വരെ വേണമെന്ന നിലപാടിലാണ് ടിഡിപിയും ജെഡി-യുവും. നിതീഷ് കുമാറുമായും ചന്ദ്രബാബു നായിഡുവുമായും ഞായറാഴ്ച നദ്ദ ചർച്ച നടത്തി. അതേസമയം ശിവസേന, ലോക് ജനശക്തി പാർട്ടി, ആർഎല്ഡി, ജെഡി-എസ്, ഉൾപ്പെടെയുള്ള പാർട്ടികളുടെ കാര്യത്തിൽ ധാരണയായിട്ടുണ്ട്.
രാഷ്ട്രപതി ഭവനിൽ പ്രത്യേകം തയാറാക്കുന്ന വേദിയിൽ ഞായറാഴ്ച രാത്രി 7.15നാണു സത്യപ്രതിജ്ഞാ ചടങ്ങ്. പ്രധാനമന്ത്രിയായി നരേന്ദ്ര മോദിയും മറ്റു മന്ത്രിമാരും സത്യപ്രതിജ്ഞചെയ്യും.
മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമൽ ദഹലും ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെയും നാളെ തലസ്ഥാനത്ത് എത്തും. ചടങ്ങിൽ പങ്കെടുക്കാൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ഡൽഹിയിലെത്തും.