ഗോള്‍രഹിത സമനില ; സുനില്‍ ഛേത്രി ബൂട്ടഴിച്ചു
Thursday, June 6, 2024 10:14 PM IST
കോൽക്കത്ത: നായകന് സുനില്‍ ഛേത്രിയുടെ വിടവാങ്ങല്‍ മത്സരത്തില്‍ ഇന്ത്യയ്ക്ക് സമനില. 2026 ലെ ഫിഫ ലോകകപ്പിനുള്ള യോഗ്യതാ പോരാട്ടത്തിൽ കുവൈറ്റിനെതിരെയുള്ള മത്സരമാണ് ഗോൾ രഹിത സമനിലയിൽ കലാശിച്ചത്.
അവസാന പോരാട്ടത്തില്‍ 90 മിനിറ്റും ക്യാപ്റ്റൻ ഛേത്രി ഗ്രൗണ്ടിൽ തുടർന്നെങ്കിലും ഗോളടിക്കാൻ സാധിച്ചില്ല. രാജ്യാന്തര കരിയറിൽ 94 ഗോളുകളും 11 അസിസ്റ്റുകളുമായാണ് ഛേത്രിയുടെ മടക്കം. ഛേത്രിയുടെ അവസാന മത്സരത്തിൽ പുതിയ ഡിസൈനിലുള്ള ജഴ്സി ധരിച്ചാണ് ഇന്ത്യൻ താരങ്ങൾ കളിക്കാനിറങ്ങിയത്.
കളിയുടെ തുടക്കത്തില്‍ത്തന്നെ ആക്രമിച്ചുകളിക്കാനാണ് ഇരുടീമും ശ്രമിച്ചത്. നാലാം മിനിറ്റില്‍ തന്നെ ഇന്ത്യന്‍ ബാക്ക്ലൈന് കടന്ന് മുഹമ്മദ് അബ്ദുള്ളയിലൂടെ കുവൈറ്റ് മുന്നേറ്റത്തിന് ശ്രമിച്ചെങ്കിലും ഗോള്‍കീപ്പര്‍ ഗുര്‍പ്രീതിന്റെ സമയോചിതമായ ഇടപെടല്‍ രക്ഷയായി.
48-ാം മിനിറ്റിൽ ഇന്ത്യൻ താരം റഹീം അലിക്ക് ഗോൾ നോടാൻ സുവർണാവസരം ലഭിച്ചു. എന്നാല്‍ ഇന്ത്യൻ യുവതാരത്തിന്റെ ഷോട്ട് കുവൈറ്റ് ഗോളി മികച്ചൊരു സേവിലൂടെ പരാജയപ്പെടുത്തി. ഇതിഹാസ നായകന് വിജയത്തോടെ യാത്രയയപ്പ് നല്കാന് സഹതാരങ്ങള്‍ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും മത്സരം സമനിലയില്‍ കലാശിക്കുകയായിരുന്നു.
മത്സരത്തിന് ശേഷം ഒരുപാട് വൈകാരിക നിമിഷങ്ങള്‍ക്കാണ് ഇന്ത്യന്‍ ഫുട്ബോള്‍ ആരാധകര്‍ സാക്ഷ്യം വഹിച്ചത്. പോരാട്ടത്തിനൊടുവില്‍ പൊട്ടിക്കരഞ്ഞാണ് ഛേത്രി കളം വിട്ടത്. ഗോൾ വേട്ടയിൽ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും മെസിയ്ക്കും തൊട്ടുപിന്നിലാണ് സുനില്‍ ഛേത്രിയുടെ സ്ഥാനം.
രാജ്യത്തിനു വേണ്ടി ഏറ്റവും കൂടുതല്‍ മത്സരം കളിച്ച താരവും ഏറ്റവും കൂടുതല്‍ തവണ ക്യാപ്റ്റന്‍സി ബാന്‍ഡ് അണിഞ്ഞ കളിക്കാരനും ഛേത്രി തന്നെ.