നിയന്ത്രണം വിട്ട ബസ് കൊക്കയുടെ സമീപത്ത്; ഡ്രൈവറുടെ സമയോചിത ഇടപെടലിലൂടെ വൻ ദുരന്തം ഒഴിവായി
Thursday, June 6, 2024 7:51 PM IST
കുട്ടിക്കാനം: കോട്ടയത്തു നിന്ന് കുമളിക്കു പോയ കെഎ സ്ആർടിസി ബസ് നിയന്ത്രണം വിട്ട് കൊക്കയുടെ സമീപത്തുകൂടെ പോയത് പരിഭ്രാന്തി പരത്തി. വ്യാഴാഴ്ച പുലർച്ചെ ആറിന് കോട്ടയത്തു നിന്ന് പുറപ്പെട്ട ഫാസ്റ്റ് പാസഞ്ചർ ബസാണ് കുട്ടിക്കാനത്തിനു സമീപത്തുവച്ച് അപകടത്തിൽപ്പെട്ടത്.
സ്റ്റോപ്പിൽ നിർത്തി ആളെ ഇറക്കി മുന്നോട്ടു നീങ്ങിയ ബസിന്റെ പ്ലേറ്റ് സെറ്റിന്റെ ക്ലാന്പ് ഇളകിപ്പോയതോടെ ബസ് നിയന്ത്രണം തെറ്റി കൊക്കയുടെ സമീപത്തേക്ക് നീങ്ങുകയായിരുന്നു. ഡ്രൈവറുടെ സമയോചിത ഇടപെടലിലൂടെ ബസ് നിർത്തിയതിനാൽ വൻ ദുരന്തം ഒഴിവായെന്ന് യാത്രക്കാർ പറഞ്ഞു.
അപകട സമയത്ത് 33 യാത്രക്കാരും രണ്ട് ജീവനക്കാരുമാണ് ബസിൽ ഉണ്ടായിരുന്നത്. തുടർന്ന് മറ്റൊരു ബസിൽ യാത്രക്കാരെ കയറ്റിവിട്ടു. കൃത്യമായ അറ്റകുറ്റപ്പണികൾ നടത്താത്തതാണ് ബസ് തകരാറിൽ ആകാൻ കാരണമെന്ന് യാത്രക്കാർ പറഞ്ഞു.