അധ്യക്ഷ പദവിയില്‍ കെ. സുരേന്ദ്രന് സേഫ്
Wednesday, June 5, 2024 7:47 PM IST
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി മികച്ച പ്രകടനം നടത്തിയതോടെ സംസ്ഥാന അധ്യക്ഷ പദവിയില്‍ കെ. സുരേന്ദ്രന് സേഫാകും. കേരളത്തിലെ പ്രകടനത്തെ "ത്യാഗത്തിന്റെ ഫലം' എന്ന് പ്രധാനമന്ത്രി തന്നെ വിശേഷിപ്പിച്ചതോടെ കേരള ഘടകവും സംതൃപ്തിയിലാണ്.
തെരഞ്ഞെടുപ്പു കണക്കിലെടുത്ത് സുരേന്ദ്രന്റെ കാലാവധി നേതൃത്വം നീട്ടി നൽകിയിരുന്നു. രണ്ട് വർഷം കൂടി സുരേന്ദ്രന് ബാക്കിയുണ്ട്. സംസ്ഥാനത്ത് അക്കൗണ്ട് തുറന്ന ബിജെപിക്ക് 2019-മായി താരതമ്യം ചെയ്യുമ്പോള്‍ വോട്ട് വിഹിതം മൂന്നു ശതമാനം കൂടി. സംസ്ഥാനത്ത് ആകെ 32,96,354 വോട്ടുകളാണ് ബിജെപി കീശയിലാക്കിയത്.
30 ലക്ഷത്തോളം വോട്ടാണ് ബിജെപിക്കുള്ളതെന്നായിരുന്നു തെരഞ്ഞെടുപ്പിന് മുമ്പുള്ള വിലയിരുത്തല്‍. സംസ്ഥാനത്ത് ഇപ്പോഴത്തെ 16.08 ശതമാനമാണ് വോട്ടുവിഹിതം. ഇവിടെനിന്ന് ഇനി താഴെ പേകാതിരിക്കുക എന്നതാണ് നേതൃത്വത്തിന് മുന്നിലുള്ള പ്രധാന വെല്ലുവിളി.
നിയമസഭയില്‍ അക്കൗണ്ട് തുറന്ന് ഒടുവില്‍ പൂട്ടിയപോലെ സംഭവിക്കാതിരിക്കാന്‍ തുടര്‍ച്ചയായുള്ള പ്രവര്‍ത്തനം പാര്‍ട്ടി മുന്നില്‍ കാണുന്നുണ്ട്. തെരഞ്ഞെടുപ്പ് ഫലം ചര്‍ച്ച ചെയ്യാന്‍ അടുത്ത ദിവസം തന്നെ സംസ്ഥാന നേതൃയോഗം ചേരും.
അതേസമയം വയനാട്ടിലെ മിന്നും പ്രകടനവും സുരേന്ദ്രന്റെ ഗ്രാഫ് ഉയര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ തവണ രാഹുൽ ഗാന്ധിക്ക് ലഭിച്ച വോട്ടുകളിലുണ്ടായ ചോർച്ച സുരേന്ദ്രന് അനുകൂലമായിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
2014-ൽ ബിജെപിയുടെ പി.ആർ. രശ്മിൽനാഥ് നേടിയ 80,752 വോട്ടുകളാണ് എൻഡിഎയ്ക്ക് ഇതിനുമുമ്പ് വയനാട്ടില്‍ ലഭിച്ച ഏറ്റവും കൂടുതൽ വോട്ട് വിഹിതം. ഇത്തവണ അത് ലക്ഷം കടത്തി സുരേന്ദ്രന് സ്റ്റാറായി.
ക്രിസ്ത്യൻ ഭൂരിപക്ഷ മേഖലയായ മുള്ളൻകൊല്ലി പഞ്ചായത്തിൽ മാത്രം 14 ബൂത്തുകളിൽ എൻഡിഎ രണ്ടാം സ്ഥാനത്തെത്തിയതും നേട്ടമായി കണക്കാക്കപ്പെടുന്നു.