യുപിയിൽ സംപൂജ്യമായി ബിഎസ്പി
Wednesday, June 5, 2024 5:58 AM IST
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നപ്പോൾ ഉത്തർപ്രദേശിൽ സംപൂജ്യരായി മായാവതിയുടെ ബഹുജൻ സമാജ് പാർട്ടി. ദേശീയ പാർട്ടി സ്ഥാനമുള്ള ബിഎസ്പി ഉത്തർപ്രദേശിലെ 80 ലോക്സഭാ സീറ്റിലേക്കും ഒറ്റയ്ക്കാണു മത്സരിച്ചത്.
ഒരിടത്തുപോലും വിജയിച്ചില്ലെന്നു മാത്രമല്ല, പല മണ്ഡലങ്ങിലും രണ്ടാം സ്ഥാനത്തുപോലും എത്തിയില്ല. പാർട്ടി അധ്യക്ഷയായ മായാവതി തണുപ്പൻരീതിയിലാണ് തെരഞ്ഞെടുപ്പിനെ സമീപിച്ചതെന്നാണ് ആദ്യം മുതൽ പുറത്തുവരുന്ന റിപ്പോർട്ട്. പ്രകടന പത്രിക പുറത്തിറക്കിയില്ല. സ്വന്തം പാർട്ടിയുടെ സ്ഥാനാർഥികളുടെ പ്രചാരണത്തിനു പോലും അവർ പോയില്ല.
തന്റെയും ബിഎസ്പി സ്ഥാപകൻ കാൻഷിറാമിന്റെയും പാർട്ടി ചിഹ്നമായ ആനയുടെയും പ്രതിമകൾ നിർമിച്ചതിൽ 100 കോടിയിലധികം അഴിമതി നടത്തിയെന്ന കേസ് മായാവതിയെ ഏതു നിമിഷവും അറസ്റ്റ് ചെയ്യാനുള്ള ആയുധമാക്കുകയാണ് ബിജെപി. മായാവതി തെരഞ്ഞെടുപ്പിൽ അത്ര സജീവമാകാത്തതിന്റെ കാരണമായി രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നതും ഇതാണ്.
ബിജെപിക്കെതിരേ വിമർശനം നടത്തിയതിന്റെ പേരിൽ തന്റെ അനന്തരവകാശിയായി കൊണ്ടുവന്ന ആകാശ് ആനന്ദിനെ മായാവതിതന്നെ പുറത്താക്കിയത് അതുകൊണ്ടാണെന്നാണു വിമർശകർ പറയുന്നത്.