മന്ത്രിസഭയുണ്ടാക്കിയാലും ബിജെപി വിയർക്കും
എസ്. റൊമേഷ്
Tuesday, June 4, 2024 8:56 PM IST
കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പിൽ എൻഡിഎ മുന്നണി മൂന്നിറിനടുത്ത് സീറ്റുകൾ നേടിയെങ്കിലും ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം തികയ്ക്കാൻ ബിജെപിക്ക് ഇത്തവണ സാധിച്ചില്ല.
കേവല ഭൂരിപക്ഷത്തിന് 272 സീറ്റുകൾ വേണ്ടിടത്ത് ബിജെപിക്ക് 239 സീറ്റുകളിൽ മാത്രമാണു ലീഡ്. സർക്കാർ ഉണ്ടാക്കിയാലും സഖ്യകക്ഷികളെ തൃപ്തിപ്പെടുത്താതെ ബിജെപിക്ക് ഒറ്റയ്ക്ക് ഭരിക്കാൻ സാധ്യമല്ലെന്നു സാരം. രണ്ടോ മൂന്നോ ഘടകക്ഷികൾ മറുകണ്ടം ചാടിയാൽ മന്ത്രിസഭ താഴെ വീഴുകയും ചെയ്യും.
സഖ്യകക്ഷികളായ ടിഡിപിയെയും ജെഡിയുവിനെയും ലോക്ജനശക്തിയെയും മഹാരാഷ്ട്രയിലെ ശിവസേന ഷിൻഡേ വിഭാഗത്തിനെയുമൊക്കെ ബിജെപിക്ക് ഇനി കണക്കിലെടുക്കേണ്ടിവരും. മോദിയുടെ അപ്രമാദിത്വം ഇനി നടക്കില്ലെന്നു സാരം.
ആന്ധ്രയിൽ പതിനാറോളം സീറ്റിൽ മുന്നിട്ടു നിൽക്കുന്ന ചന്ദബാബു നായിഡുവും മഹാരാഷ്ട്രയിൽ ഷിൻഡെയും ബിഹാറിൽ നിതീഷ് കുമാറും ഒക്കെ വലിയ പ്രശ്നം ബിജെപിക്കു സൃഷ്ടിച്ചേക്കാം. ചന്ദ്രബാബു നായിഡുവും നിതീഷ് കുമാറുമൊക്കെ ബിജെപിയുടെ വർഗീയ പരാമർശങ്ങൾ ഒട്ടും ഇഷ്ടപ്പെടാത്ത നേതാക്കളാണ്. അതിനാൽതന്നെ പഴയപോലെ മോദിക്കും അമിത്ഷായ്ക്കും തങ്ങളുടെ തന്നിഷ്ടത്തിനു മുന്നോട്ടു പോവാനാവില്ല.
യുപിയിലാണ് ബിജെപിക്ക് കനത്ത തിരിച്ചടി ഏറ്റത്. വാരാണസിയിൽ ആദ്യ ഘട്ടത്തിൽ പ്രധാനമന്ത്രി മോദി കോൺഗ്രസ് സ്ഥാനാർഥി അജയ് റായിയേക്കാൾ പിന്നിലായിരുന്നു. പിന്നീട് മോദി ലീഡ് നില ഉയർത്തിയെങ്കിലും അഞ്ചു ലക്ഷത്തിലേറെ വോട്ടിനു മോദി ജയിക്കും എന്നു വീന്പടിച്ചിരുന്ന ബിജെപിയെ ഞെട്ടിക്കുന്നതായിരുന്നു ആദ്യഘട്ടത്തിൽ അജയ് റായി നേടിയ ലീഡ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുപിയിൽ ആകെയുണ്ടായിരുന്ന 80 സീറ്റിൽ 64 സീറ്റും എൻഡിഎ നേടിയിരുന്നു. 62 സീറ്റ് ബിജെപിക്കും രണ്ടു സീറ്റ് അപ്നാദളിനുമായിരുന്നു.
എസ്പിയും ബിഎസ്പിയും(എസ്പിക്ക് പത്തും ബിഎസ്പിക്ക്അഞ്ചും) കൂടി പതിനഞ്ചു സീറ്റിൽ വിജയിച്ചപ്പോൾ കോൺഗ്രസിന് സോണിയാ ഗാന്ധിയുടെ സീറ്റു മാത്രമാണ് നിലനിർത്താനായത്. ഇത്തവണ ബിജെപിക്ക് 33 സീറ്റിൽ മാത്രമാണ് യുപിയിൽ ലീഡ്.
ഗുജറാത്തിലും യുപിയിലും രാജസ്ഥാനിലും ഒക്കെ നില വളരെ മെച്ചപ്പെടുത്താൻ കോൺഗ്രസിനായി. ഈ സംസ്ഥാനങ്ങിലെല്ലാം സന്പൂർണ ആധിപത്യം പ്രതീക്ഷിച്ചിരുന്ന ബിജെപിയെ ഞെട്ടിക്കുന്നതായിരുന്നു ഫലങ്ങൾ.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ തോൽപിച്ച സ്മൃതി ഇറാനി ഇത്തവണ അമേഠിയിൽ പിന്നാക്കം പോയതും ബിജെപിയെ ഞെട്ടിച്ചു. ബിജെപിയുടെ പ്രസ്റ്റീജ് മണ്ഡലമായ അയോധ്യയിലും ബിജെപി പിന്നിലായിരുന്നു. നാന്നൂറ് സീറ്റാണ് എൻഡിഎ സഖ്യം പ്രതീക്ഷിച്ചിരുന്നത്.
ഭരണം തിരിച്ചു പിടിക്കാൻ കഴിഞ്ഞുവെങ്കിലും തങ്ങളുടെ ശക്തി കേന്ദ്രങ്ങളിൽ ഏറ്റ തിരിച്ചടി ബിജെപിയെ ഞെട്ടിച്ചു. ഈ തെരഞ്ഞെടുപ്പിൽ ഏറ്റവുമധികം നേട്ടമുണ്ടാക്കിയത് കോൺഗ്രസാണ്. കോൺഗ്രസ് നേതാക്കൾപോലും തങ്ങളുടെ പാർട്ടിക്ക് അറുപത് സീറ്റിൽ കൂടുതൽ പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് വാസ്തവം. ഇന്ത്യാ സഖ്യം കുറച്ചുകൂടി ശക്തമാക്കിയിരുന്നുവെങ്കിൽ ഭരണം അവർക്ക് പിടിച്ചെടുക്കാൻ സാധിച്ചേനെ.
ദക്ഷിണേന്ത്യയിൽ തങ്ങളുടെ വേരുറപ്പിക്കാൻ ബിജെപിക്കായി എന്നതാണ് ഈ തെരഞ്ഞെടുപ്പിലെ അവരുടെ നേട്ടം. ആന്ധ്രയിലും കേരളത്തിലും മുന്നേറ്റം കാഴ്ചവയ്ക്കാൻ ബിജെപിക്കായി. കോൺഗ്രസ് ഭരിക്കുന്ന കർണാടകയിലും കഴിഞ്ഞ തവണത്തെക്കാൾ കൂടുതൽ സീറ്റുകൾ നേടാനായില്ലെങ്കിലും ബിജെപിക്ക് പിടിച്ചുനിൽക്കാനായതും ആശ്വാസമായി. എന്നാൽ തമിഴ്നാട്ടിൽ പ്രതീക്ഷിച്ച ഒരു മുന്നേറ്റവും ബിജെപിക്ക് ഉണ്ടാക്കാനായില്ല.
ബിജെപിക്ക് ഉത്തരേന്ത്യയിൽ പ്രതീക്ഷിച്ചതിലും മികച്ച നേട്ടമുണ്ടാക്കാനായത് മധ്യപ്രദേശിലും ഗുജറാത്തിലുമാണ്. ബിഹാറിൽ ബിജെപിക്ക് തിരിച്ചടിയേറ്റപ്പോൾ സഖ്യകക്ഷികൾ നേട്ടമുണ്ടാക്കി. ബിഹാറിൽ ആർജെഡിക്ക് കനത്ത തിരിച്ചടിയേറ്റു. ബിജെപിയേക്കാൾ നേട്ടം കൊയ്തത് അരുടെ സഖ്യക്ഷികളാണ് നീതിഷ് കുമാറിന്റെ ജെഡിയുവും റാംവിലാസ് പസ്വാന്റെ മകൻ ചിരാഗ് പസ്വാന്റെ ലോക്ജനശക്തി പാർട്ടിയുമാണ്.
ഹരിയാനയിലെ തോൽവി ബിജെപിയെ ശരിക്കും ഞെട്ടിച്ചു. കഴിഞ്ഞ തവണ ഹരിയാന തൂത്തുവാരിയ ബിജെപി ഇത്തവണ പത്തിൽ നാലു സീറ്റിൽ മാത്രമാണ് മുന്നേറുന്നത്. ഏറെ മുന്നേറുമെന്ന് ബിജെപി പ്രതീക്ഷിച്ചിരുന്ന ബംഗാളിലും നേട്ടമുണ്ടാക്കാൻ ബിജെപിക്കായില്ല. പഞ്ചാബിലും ബിജെപി തകർന്നടിഞ്ഞു.