ലീഡ് കുറഞ്ഞ് മോദി, രാഹുലിന് വൻ ഭൂരിപക്ഷം
Tuesday, June 4, 2024 7:28 PM IST
ലക്നോ: ലോക്സഭ തെരഞ്ഞെടുപ്പിൽ യുപിയിൽ ജനവിധി തേടിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷം കുറഞ്ഞപ്പോൾ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വൻ ഭൂരിപക്ഷം. കഴിഞ്ഞ തവണ യുപിയിൽ പരാജയപ്പെട്ട രാഹുലാണ് ഇത്തവണ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു കയറിയത്.
വാരണാസിയിൽനിന്നും ജനവിധി തേടിയ പ്രധാനമന്ത്രി വിജയിച്ചെങ്കിലും ഭൂരിപക്ഷം കുത്തനെ കുറഞ്ഞത് വിജയത്തിന്റെ തിളക്കം കെടുത്തി. കഴിഞ്ഞ തവണ നാലരലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച മോദിക്ക് ഇത്തവണ നേടാനായത് ഒന്നരലക്ഷത്തിലധികം വോട്ടുകളുടെ മാത്രം ഭൂരിപക്ഷമാണ്.
മോദിക്ക് ശക്തമായ വെല്ലുവിളിയാണ് കോണ്ഗ്രസ് സ്ഥാനാർഥി അജയ് റായ് ഉയർത്തിയത്. ഒരു ഘട്ടത്തിൽ പതിനായിരം വോട്ടുകൾക്ക് നരേന്ദ്ര മോദി പിന്നിൽ പോയിരുന്നു. അഞ്ച് ലക്ഷത്തിലധികം വോട്ടുകൾക്ക് വിജയിക്കും എന്ന ബിജെപിയുടെ പ്രതീക്ഷകളാണ് തെറ്റിയത്.
അതേസമയം റായ്ബറേലിയിൽനിന്നും ജനവിധിതേടിയ രാഹുൽ ഗാന്ധി നാല് ലക്ഷത്തിനടുത്ത് വോട്ടുകൾക്കാണ് വിജയിച്ചത്. ബിജെപിയുടെ ദിനേഷ് പ്രതാപ് സിംഗാണ് രണ്ടാമതെത്തിയത്. വയനാട്ടിലും വൻ ഭൂരിപക്ഷത്തിലാണ് രാഹുൽ വിജയിച്ചത്.
ഉത്തർപ്രദേശിൽ കഴിഞ്ഞ തവണ റായ്ബറേലിയിൽ മാത്രം വിജയിച്ച കോണ്ഗ്രസ് ഇത്തവണ ആറ് സീറ്റുകളിലാണ് മുന്നേറുന്നത്. കഴിഞ്ഞ തവണ രാഹുൽ പരാജപ്പെട്ട അമേഠി സീറ്റും ഇത്തവണ കോൺഗ്രസ് തിരിച്ചുപിടിച്ചു. കോണ്ഗ്രസ് സ്ഥാനാർഥി കിഷോരി ലാൽ ഒന്നരലക്ഷത്തിലധികം വോട്ടുകൾക്കാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ തോൽപ്പിച്ചത്.