അബ്ദുൾ റഹീമിന്റെ മോചനത്തിനായി ദയാധനം കൈമാറി; അനന്തരാവകാശികൾ കരാറിൽ ഒപ്പുവച്ചു
Monday, June 3, 2024 7:15 PM IST
റിയാദ്: വധശിക്ഷക്ക് വിധിക്കപ്പെട്ട് പതിനെട്ട് വര്‍ഷമായി സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന്റെ മോചനത്തിനായി ദയാധനം കൈമാറി. മോചനത്തിനായുള്ള അനുരഞ്ജന കരാറിൽ എതിർഭാഗത്തുള്ളവർ ഒപ്പിട്ടു.
ഇതോടെ റഹീമിന്റെ മോചനത്തിനുള്ള നടപടികൾ വേഗത്തിലാകും. ദയാധനമായ ഒന്നരക്കോടി സൗദി റിയാലിന്റെ ചെക്ക് റഹീമിന് വേണ്ടി സൗദി ഗവർണറേറ്റിന് കൈമാറിയതിനു പിന്നാലെയാണ് അനസിന്റെ അനന്തരാവകാശികൾ അനുരഞ്ജന കരാറിൽ ഒപ്പുവച്ചത്.
ദയാധനം സ്വീകരിച്ച് അബ്ദുൾ റഹിമിന് മാപ്പ് നൽകുന്നുവെന്ന് വ്യക്തമാക്കുന്നതാണ് അനുരഞ്ജന കരാർ. ഇരുവിഭാഗവും ഗവർണറേറ്റിലെത്തി ഉദ്യോഗസ്ഥർ സാക്ഷിയായി കരാറിൽ ഒപ്പുവച്ചതോടെ റഹീമിന്റെ മോചനം യാഥാർഥ്യത്തിലേക്ക് അടുക്കുകയാണ്.
അനുരഞ്ജന കരാറിൽ ഒപ്പിട്ടതോടെ കോടതി നിർദേശം അനുസരിച്ച് ഒറിജിനൽ ചെക്ക് ഉൾപ്പടെയുള്ള രേഖകൾ ഗവർണറേറ്റിലോ കോടതിയിലോ സമർപ്പിക്കും. ഇതോടെ രേഖാമൂലമുള്ള എല്ലാ ഇടപാടുകളും അവസാനിക്കും.
തുടർന്ന് കോടതി നൽകുന്ന നിർദേശങ്ങൾക്ക് അനുസരിച്ചായിരിക്കും മോചനവുമായി ബന്ധപ്പെട്ട അടുത്ത പടി മുന്നോട്ട് പോകുകയെന്ന് റിയാദ് സഹായ സമിതി അറിയിച്ചിട്ടുണ്ട്.
സൗദി പൗരന്റെ വീട്ടിൽ ജോലി ചെയ്യുകയായിരുന്നു അബ്ദുൾ റഹീം. രോഗിയായ കുട്ടിയെ പരിചരിക്കുന്നതിനിടെ കുട്ടിയുടെ കഴുത്തില്‍ സ്ഥാപിച്ച ജീവന് രക്ഷ ഉപകരണം അബ്ദുൾ റഹീമിന്റെ കൈതട്ടി പോകുകയും കുട്ടി മരിക്കുകയുമായിരുന്നു.
തുടര്‍ന്ന് സൗദി കോടതി അബ്ദുൾ റഹീമിന് വധശിക്ഷ വിധിക്കുകയായിരുന്നു.