അക്ഷരമുറ്റത്ത് പിച്ചവച്ച് കുരുന്നുകൾ; സമ്മാനങ്ങളുമായി സർക്കാർ: പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി
Monday, June 3, 2024 10:35 AM IST
കൊച്ചി: പുതിയ അധ്യയന വര്‍ഷത്തിന് തുടക്കമായതോടെ അക്ഷരമുറ്റത്തേക്ക് പിച്ചവച്ച് കുരുന്നുകളെത്തി. ആടിയും പാടിയും അവർ പ്രവേശനോത്സവം ആഘോഷമാക്കി മാറ്റി.
കൊച്ചി എളമക്കര ജിഎച്ച്എസ്എസില്‍ മുഖ്യമന്ത്രി പിണറായി വിജയൻ സ്കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വിദ്യാഭ്യാസം പരമപ്രധാനമായി കണ്ടുകൊണ്ടുള്ള നിലപാടാണ് വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പൊതുവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കാനാണ് 2016 ൽ പൊതു വിദ്യാഭ്യാസ സംരക്ഷണം യജ്ഞം തുടങ്ങിയത്. അത് പൊതു വിദ്യാഭ്യാസ രംഗത്ത് സമൂല മാറ്റങ്ങൾ ഉണ്ടാക്കി. കുട്ടികളുടെ വിദ്യാഭ്യസം സമൂഹത്തിന്റെ കൂടെ ഉത്തരവാദിത്തമായി മാറിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വിജ്ഞാനത്തിനും വിനോദത്തിനും ഉപാധികളുള്ള ഇടമായി സ്കൂളുകൾ മാറി. പുതിയകാലത്തെ നേരിടാനുള്ള പ്രാപ്തി കുട്ടികളിൽ ഉണ്ടാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. നിരവധി സൗകര്യങ്ങളാണ് കുട്ടികൾക്കായി സ്കൂളുകളിൽ ഒരുക്കിയത്. ഇതിനെയെല്ലാം ഉപയോഗിച്ച് ജീവിതത്തിൽ മുന്നേറാൻ കുട്ടികൾക്ക് സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
വിദ്യാഭ്യാസം കുട്ടിയുടേയും മാതാപിതാക്കളുടേയും മാത്രമല്ല, അത് ഒരു സമൂഹത്തിന്റെ ഉത്തരവാദിത്തമായി മാറിയെന്നതാണ് കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയുടെ പ്രത്യേകതയെന്നും കാലത്തിനൊത്ത് സ്വയം നവീകരിക്കാൻ അധ്യാപകർക്കും ഉത്തരവാത്തമുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ഒന്നാം ക്ലാസിലെത്തിയ കുട്ടികളെ വിദ്യാഭ്യാസമന്ത്രിയുടെ നേതൃത്വത്തില്‍ സമ്മാനങ്ങൾ നല്‍കിയാണ് സ്വീകരിച്ചത്. തുടര്‍ന്ന് പ്രവേശനോത്സവ ഗാനത്തിന്റെ ദൃശ്യാവിഷ്കാരം കുട്ടികൾ അവതരിപ്പിച്ചു. തുടർന്ന് വിദ്യാഭ്യാസ മന്ത്രി അധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രി പി.രാജീവ്, മേയര്‍ അഡ്വ. എം.അനില്‍കുമാര്‍, എംപിമാരായ ഹൈബി ഈഡന്, ജെബി മേത്തര്‍ എന്നിവരും എംഎല്‍എമാരും പൊതുവിദ്യാഭ്യാസ വകുപ്പിലെ വിവിധ ഉദ്യോഗസ്ഥരും പങ്കെടുത്തു.
പ്രീപ്രൈമറി തലം മുതല്‍ ഹയര്‍സെക്കന്‍ഡറി വരെയുള്ള 39,94,944 കുട്ടികളാണ് ഇന്നു സ്കൂളുകളിലെത്തുന്നത്. 2,44,646 കുരുന്നുകളാണ് ഇന്ന് ഒന്നാം ക്ലാസിലേക്ക് പ്രവേശിക്കുന്നത്.
സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നാം ക്ലാസിലേക്ക് ഈ അധ്യയന വർഷം പ്രവേശനം നേടിയത് 2.44 ലക്ഷം വിദ്യാർഥികളാണ്. കഴിഞ്ഞ വർഷത്തേക്കാൾ 53423 വിദ്യാർഥികളുടെ കുറവാണ് ഇക്കുറി ഒന്നാം ക്ലാസ് പ്രവേശനത്തിൽ സംസ്ഥാനത്ത് ഉണ്ടായിട്ടുള്ളത്.