മാസപ്പടി കേസ്: കുഴൽനാടന്റെ റിവിഷൻ ഹർജി ഇന്ന് ഹൈക്കോടതിയിൽ
Monday, June 3, 2024 9:27 AM IST
കൊച്ചി: മാസപ്പടി കേസിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി വിജിലൻസ് കോടതി തള്ളിയതിനെതിരേ മാത്യു കുഴൽനാടൻ എംഎൽഎ സമർപ്പിച്ച റിവിഷൻ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ നടപടിക്രമങ്ങളിലും തീരുമാനത്തിലും പാളിച്ചപറ്റിയെന്നും ഉത്തരവ് റദ്ദാക്കണമെന്നുമാണ് ആവശ്യം.
മേയ് ആറിനാണ് വിജിലൻസ് കോടതി കുഴൽനാടന്റെ ഹർജി തള്ളിയത്. താൻ നൽകിയ തെളിവുകൾ പരിശോധിക്കാതെയാണ് വിജിലൻസ് കോടതി ഉത്തരവിട്ടതെന്നും മുഖ്യമന്ത്രിക്കെതിരേ ആരോപണമുന്നയിച്ചതുകൊണ്ട് രാഷ്ട്രീയപ്രേരിതമെന്നു പറഞ്ഞ് പരാതി തള്ളാനാവില്ലെന്നും മാത്യു കുഴൽനാടൻ ഹർജിയിൽ പറയുന്നു. ജസ്റ്റീസ് കെ. ബാബു അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് കുഴല്‍നാടന്റെ ഹര്‍ജി പരിഗണിക്കുന്നത്.
പിണറായി വിജയന് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരവും ക്രിമിനല്‍ ഗൂഡാലോചനയ്ക്കും കേസെടുക്കണം. ക്രിമിനല്‍ നടപടിക്രമമനുസരിച്ച് പരാതി ലഭിച്ചാല്‍ പരാതി അന്വേഷണ ഏജന്‍സിക്ക് കൈമാറണമെന്നാണ് നിയമം. അല്ലെങ്കില്‍ വിചാരണ കോടതി നടപടിക്രമങ്ങള്‍ സ്വീകരിക്കണം. ഇത് രണ്ടും തിരുവനന്തപുരം വിജിലന്‍സ് കോടതി ചെയ്തില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.