സപ്ലൈകോ തട്ടിപ്പ്: പ്രതിക്ക് സഹായം ലഭിച്ചിട്ടുണ്ടോയെന്ന് അന്വേഷണം
Saturday, June 1, 2024 7:07 PM IST
കൊച്ചി: സപ്ലൈകോയുടെ വ്യാജരേഖകള്‍ നിര്‍മിച്ച് ഏഴ് കോടി രൂപ തട്ടിയ കേസില്‍ അറസ്റ്റിലായ എറണാകുളം കടവന്ത്ര ഔട്ട്ലെറ്റിലെ മുന്‍ അസിസ്റ്റന്റ് മാനേജര്‍ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.
കേസുമായി ബന്ധപ്പെട്ട് എളംകുളം സഹോദരന് അയ്യപ്പന് റോഡില്‍ താമസിക്കുന്ന സതീഷ് ചന്ദ്രന്റെ (67) അറസ്റ്റ് കടവന്ത്ര പോലീസ് രേഖപ്പെടുത്തി. ഇയാള്‍ മുന്‍ മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. സപ്ലൈകോ ബ്രാന്‍ഡ് പ്രൊഡക്ട്സ് മാനേജര്‍ ജയ്സണ്‍ ജേക്കബ് നല്കിയ പരാതിയിലാണ് അറസ്റ്റ്.
സപ്ലൈകോ രണ്ട് വര്‍ഷമായി ഉപയോഗിക്കാത്ത ഇ മെയില്‍ വിലാസം ഉപയോഗിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. 2017-ല്‍ സര്‍വീസില്‍നിന്ന് വിരമിച്ച പ്രതിക്ക് ഈ കൃത്യം ചെയ്യുന്നതിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളാണ് പോലീസ് പരിശോധിച്ച് വരുന്നത്.
സംഭവത്തില്‍ കൂടുതല്‍ ജീവനക്കാരുടെ പങ്കുണ്ടോയെന്നും അന്വേഷണം നടക്കുന്നുണ്ട്. കടവന്ത്ര ഔട്ട്ലെറ്റിലെ ജീവനക്കാരുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. സപ്ലൈകോയുടെ വ്യാജ ലെറ്റര്‍ ഹെഡും ജിഎസ്ടി നമ്പറും ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. വ്യാജ രേഖ ഉപയോഗിച്ചുള്ള ഇടപാടിന്റെ ബില്ലുകള്‍ സപ്ലൈകോയുടെ ജിഎസ്ടി അക്കൗണ്ടില്‍ എത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്.
സാമ്പത്തിക തട്ടിപ്പിന് മുമ്പും കേസുകള്‍
ഇയാള്‍ക്കെതിരെ വിവിധ സ്റ്റേഷനുകളില്‍ സാമ്പത്തിക തട്ടിപ്പിന്റെ പേരില്‍ കേസുണ്ട്. മുന്‍ മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായിരിക്കെ സിവില്‍ സപ്ലൈസ് കോര്‍പറേഷനില്‍ സാമ്പത്തിക തിരിമറി നടത്തിയതിനു സതീഷ് ചന്ദ്രന് അന്വേഷണ വിധേയനായിട്ടുണ്ട്.
മുമ്പ് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസിലും ഇയാള്‍ അറസ്റ്റിലായിട്ടുണ്ട്. കൊച്ചി മെട്രോയില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറായി ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. അന്ന് എറണാകുളം സൗത്ത് പോലീസ് സതീഷിനെ അറസ്റ്റ് ചെയ്തിരുന്നു.
ഇതിനുപുറമേ ദേവസ്വം ബോര്‍ഡിന്റെ കോളജുകള്‍, സിവില്‍ സപ്ലൈസ് കോര്പറേഷന്, കാംകോ തുടങ്ങിയ സ്ഥാപനങ്ങളിലുള്‍പ്പെടെ ജോലി വാഗ്ദാനം ചെയ്തു 50 ഉദ്യോഗാര്‍ഥികളില്‍ നിന്നും പണം തട്ടിയെടുത്തിട്ടുണ്ട്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഹൃദ്രോഗിയായതിനാല്‍ നിലവില്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഇയാൾ ചികിത്സയിലാണ്.