മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ തൊഴിലാളികൾ മരിച്ച സംഭവം; ഹോട്ടലിന്റെ ലൈസന്‍സ് റദ്ദാക്കും
Saturday, June 1, 2024 12:18 PM IST
കോഴിക്കോട്: ഹോട്ടലിന്റെ മാലിന്യ ടാങ്ക് വൃത്തിയാക്കാനിറങ്ങിയ രണ്ടു തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ച സംഭവത്തിൽ ഹോട്ടലിന്റെ പ്രവര്‍ത്തന ലൈസന്‍സ് റദ്ദാക്കും. ഹോട്ടല്‍ അടച്ചുപൂട്ടാന്‍ ഉത്തരവിറക്കുമെന്ന് കോര്പറേഷന് ആരോഗ്യവിഭാഗം അറിയിച്ചു.
കോര്പറേഷന് ആരോഗ്യവിഭാഗം സ്ഥലത്ത് പരിശോധന നടത്തിയ ശേഷമാണ് ഹോട്ടലിനെതിരേ നടപടിയെടുക്കാൻ ഒരുങ്ങുന്നത്.
കോഴിക്കോട് കോവൂർ ഇരിങ്ങാടൻ പള്ളിയിലെ കാളാണ്ടിതാഴത്തെ അമ്മാസ് ഹോട്ടലിന്റെ അടുക്കള മാലിന്യ ടാങ്ക് ശുചീകരിക്കാനിറങ്ങിയ കോഴിക്കോട് കിനാലൂർ സ്വദേശി അശോകൻ (55), കൂട്ടാലിട നടുവണ്ണൂർ ചേലാറ്റിൻമേൽ വീട്ടിൽ റിനീഷ് (50) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരം നാലോടെയാണ് സംഭവം. അടച്ചിട്ടിരുന്ന ഹോട്ടലിന്റെ 10 അടി താഴ്ചയുളള മാലിന്യ ടാങ്കിലാണ് ദുരന്തമുണ്ടായത്. രണ്ടു അടിയോളം മലിനജലമുണ്ടായിരുന്ന ടാങ്കിലേക്ക് ഇറങ്ങാൻ കഷ്ടിച്ച് ഒന്നര അടി മാത്രം വ്യാസമുള്ള മാൻഹോളായിരുന്നു ഉണ്ടായിരുന്നത്.
ഇതിലൂടെ ഇറങ്ങിയ ആദ്യ ആൾ ബോധരഹിതനായി മലിന ജലത്തിൽ വീണു. ഇയാളെ രക്ഷിക്കാൻ ഇറങ്ങിയ രണ്ടാമത്തെ ആളും ബോധരഹിതനായി വീണു. ഉള്ളിലിറങ്ങിയവർക്ക് അനക്കമില്ലാതായതറിഞ്ഞ് ഹോട്ടൽ നടത്തിപ്പുകാരി ജുബീന പരിസരവാസികളെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ അഗ്നി രക്ഷാ സേനയാണ് ഇരുവരെയും പുറത്തെടുത്തത്.
സംഭവത്തിൽ ഹോട്ടലുടമയ്ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് ചേവായൂര്‍ പോലീസ് കേസെടുത്തത്.