സ്വർണക്കടത്ത്: എയർ ഹോസ്റ്റസിനു പിന്നാലെ മലയാളിയായ ക്യാബിൻ ക്രൂ അറസ്റ്റിൽ
Friday, May 31, 2024 8:32 PM IST
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിൽ എയർ ഹോസ്റ്റസിനു പിന്നാലെ മലയാളിയായ ക്യാബിൻ ക്രൂ അറസ്റ്റിൽ. എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരനായ കണ്ണൂർ തില്ലങ്കേരി സ്വദേശി സുഹൈലാണ് അറസ്റ്റിലായത്. ഡിആർഐയാണ് സുഹൈലിനെ അറസ്റ്റ് ചെയ്തത്.
പത്ത് വർഷമായി ക്യാബിൻ ക്രൂവായി ജോലി ചെയ്യുകയായിരുന്നു സുഹൈൽ. പിടിയിലായ എയർ ഹോസ്റ്റ് സുരഭിയെ സ്വർണം കടത്താൻ നിയോഗിച്ചത് സുഹൈലെന്ന് ഡിആർഐ പറഞ്ഞു.
കഴിഞ്ഞ ദിവസം മസ്ക്കറ്റിൽനിന്നു കണ്ണൂരിലെത്തിയ എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ കാബിൻ ക്രൂ ആയ കോൽക്കത്ത സ്വദേശിനി സുരഭി ഖാതൂനിൽനിന്നാണ് 60 ലക്ഷം വരുന്ന 960 ഗ്രാം സ്വർണം ഡിആർഐ പിടികൂടിയത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിആർഐ നടത്തിയ പരിശോധനയിലാണ് ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച മിശ്രിതരൂപത്തിലുള്ള സ്വർണം പിടിച്ചത്. മുമ്പും പലപ്രാവശ്യം ഇവർ സ്വർണം കടത്തിയതായാണ് വിവരം.