പതിനായിരങ്ങള്‍ ഇന്ന് പടിയിറങ്ങുന്നു; സാമ്പത്തിക പ്രതിസന്ധിക്കിടെ ആനൂകൂല്യത്തിന് പണം കണ്ടെത്തണം
Friday, May 31, 2024 8:25 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ കൂട്ട വിരമിക്കല്‍. 16,000 ത്തോളം ജീവനക്കാരാണ് വിവിധ സര്‍വീസില്‍ നിന്നും വിരമിക്കുന്നത്. പെന്ഷന് പ്രായം കൂട്ടുമെന്ന ചര്‍ച്ചകള്‍ സജീവമായിരുന്നെങ്കിലും ഇത്തവണയും സര്‍ക്കാര്‍ തീരുമാനമെടുത്തില്ല.
ആനുകൂല്യങ്ങള്‍ക്കായി ഭീമമായ തുക കണ്ടെത്തേണ്ട സാഹചര്യത്തിലാണ് പെന്ഷന് പ്രായം കൂട്ടാന്‍ പല കോണുകളില്‍ നിന്നായി നിര്‍ദേശം ഉയര്‍ന്നത്. എന്നാല്‍ യുവജനങ്ങളുടെ എതിര്‍പ്പ് മുന്‍കൂട്ടി കണ്ടാണ് സര്‍ക്കാര്‍ ആ തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോയത്.
ഇന്ന് പിരിയുന്നവരില്‍ പകുതിയോളം അധ്യാപകരാണ്. സെക്രട്ടറിയേറ്റില്‍ നിന്ന് അഞ്ച് സ്പെഷല്‍ സെക്രട്ടറിമാര്‍ അടക്കം 15 പേര് വിരമിക്കും. പോലീസില്‍ നിന്ന് ഇറങ്ങുന്നത് 800ല്‍ പരം പേരാണ്. കെഎസ്ഇബിയില്‍ നിന്ന്1,000ല്‍ പരം പേര് വിരമിക്കും. കെഎസ്ആര്‍ടിസിയില്‍ നിന്ന് ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരുമടക്കം 700 ഓളം പേര് വിരമിക്കുന്നുണ്ട്.
ഇതില്‍ ഡ്രൈവര്‍മാര്‍ക്ക് താത്കാലികമായി വീണ്ടും ജോലി നല്കാന് സാധ്യതയുണ്ട്. നിലവില്‍ വിരമിക്കുന്നവര്‍ക്ക് പകരം താഴേത്തട്ടിലുള്ളവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാനാണ് ആലോചന. പുതിയ നിയമനങ്ങളും പരിഗണിക്കുന്നുണ്ട്.
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ, ഇന്ന് വിരമിക്കുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്കാന് സര്‍ക്കാര്‍ 9,000 കോടിയോളം രൂപ കണ്ടെത്തേണ്ടിവരും. ഈ മാസം ആദ്യംമുതല്‍ സംസ്ഥാനം ഓവര്‍ ഡ്രാഫ്റ്റിലാണ്. നടപ്പു സാമ്പത്തികവര്‍ഷം മുതല്‍ അതാത് മാസത്തെ പെന്ഷന് വിതരണം ചെയ്യുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചെങ്കിലും നടപടി തുടങ്ങിയിട്ടില്ല.