വീണാ വിജയനുമായി ബന്ധമില്ലെന്ന് എക്സാലോജിക് കൺസൾട്ടിംഗ് കന്പനി
Thursday, May 30, 2024 8:42 PM IST
ദുബായി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനുമായും മാസപ്പടി വിവാദത്തിൽ ഉൾപ്പെട്ട എക്സാലോജിക് സൊല്യൂഷൻ കമ്പനിയുമായും ബന്ധമില്ലെന്ന് ദുബായിലെ കമ്പനി. എക്സാലോജിക് കൺസൾട്ടിംഗ് കമ്പനിയാണ് വിശദീകരണവുമായി രംഗത്ത് എത്തിയത്.
എസ്എൻസി ലാവ്ലിനുമായോ പിഡബ്ല്യുസിയുമായോ ഇതുവരെ ബിസിനസ് നടത്തിയിട്ടില്ല. പേ റോളിലോ മറ്റേതെങ്കിലും സ്ഥാനത്തോ വീണാ, സുനീഷ് എന്നീ രണ്ട് പേർ ഇല്ലെന്നും കന്പനി വിശദീകരിച്ചു.
ഇന്ത്യയിൽ ബിസിനസ് ഉള്ളത് ബംഗളൂരുവിൽ മാത്രമാണ്. കന്പനി സഹസ്ഥാപകൻ സസൂണ്‍ സാദിഖ്, നവീൻ കുമാർ എന്നിവരുടേതാണ് വിശദീകരണം. ഷോൺ ജോര്‍ജിന്റെ ആരോപണം വിവാദമായതിനു പിന്നാലെയാണ് വിശദീകരണവുമായി കമ്പനി അധികൃതര്‍ രംഗത്ത് വന്നത്.
വീണാ വിജയന്റെ കമ്പനിയായ എക്സാലോജിക്കിന് വിദേശത്തും അക്കൗണ്ട് ഉണ്ടെന്ന ആരോപണവുമായാണ് ബിജെപി നേതാവും അഭിഭാഷകനുമായ ഷോണ്‍ ജോര്‍ജ് രംഗത്തെത്തിയത്.
അബുദാബിയിലെ കൊമേഴ്സ്യല്‍ ബാങ്കിലെ അക്കൗണ്ടിലൂടെ കോടികളുടെ ഇടപാടുകളാണ് നടക്കുന്നത്. നിലവില്‍ അന്വേഷണം നടക്കുന്ന സിഎംആര്‍എല്‍ എക്സാലോജിക് ഇടപാടില്‍നിന്നുള്ള വലിയ തുക അബുദാബിയിലെ ഈ ബാങ്ക് അക്കൗണ്ടിലാണ് സൂക്ഷിച്ചിരുന്നതെന്നും ഷോണ്‍ ആരോപിച്ചിരുന്നു.
വീണാ വിജയനും മുഖ്യമന്ത്രിയുടെ മുന്‍ ബന്ധു എം. സുനീഷുമാണ് ഈ അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത്. "എക്സാലോജിക് കണ്‍സള്‍ട്ടിംഗ്, മീഡിയ സിറ്റി, യുഎഇ' എന്നപേരിലാണ് അക്കൗണ്ട്. 2016 മുതല്‍ 2019വരെയുള്ള ഈ അക്കൗണ്ടിലെ വിവരങ്ങള്‍ കൈവശമുണ്ടെന്നും ഷോണ്‍ ജോര്‍ജ് അവകാശപ്പെട്ടു.
ശരാശരി പത്തു കോടി രൂപ വരെ ഈ അക്കൗണ്ടില്‍ എപ്പോഴും ഉണ്ടായിരുന്നു. എസ്എന്‍സി ലാവ്ലിന്, രാജ്യാന്തര കണ്‍സള്‍ട്ടിംഗ് കമ്പനിയായ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പര്‍ എന്നിവയില്‍നിന്ന് എക്സാലോജിക്കിന്റെയും മീഡിയാ സിറ്റിയുടെയും അക്കൗണ്ടിലേക്ക് പണം വന്നിട്ടുണ്ട്.
ലാവ്ലിന്റെ ഉപകമ്പനികള്‍ കിഫ്ബി മസാല ബോണ്ട് വഴി 9.25 ശതമാനം പലിശയ്ക്കു പണം നിക്ഷേപിച്ചിട്ടുണ്ട്. ആറു ശതമാനം പലിശയ്ക്ക് നിക്ഷേപം കിട്ടുമ്പോഴാണ് ഇങ്ങനെ കൂട്ടി നല്‍കുന്നത്. ഇതിന്റെ വ്യത്യാസത്തില്‍ വരുന്ന തുകയാണോ വീണയുടെ അക്കൗണ്ടിലേക്ക് ലാവ്ലിന് നിക്ഷേപിക്കുന്നത് എന്ന് അന്വേഷിക്കണം.
സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ നിയമനവുമായി ബന്ധപ്പെട്ട് അവര്‍ നേരത്തേ പുറത്തുപറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്ന് ഇപ്പോള്‍ തെളിയുകയാണ്. സ്പേസ് പാര്‍ക്കില്‍ നിയമനം ലഭിച്ച സ്വപ്നയ്ക്കു ലഭിച്ചിരുന്ന ശമ്പളം 1.7 ലക്ഷം രൂപയായിരുന്നു.
എന്നാല്‍ ഇതേ ഇനത്തില്‍ പിഡബ്ല്യുസിക്ക് നല്‍കിയിരുന്നത് 3.34 ലക്ഷം രൂപയും. അപ്പോള്‍ സ്വപ്നയ്ക്കു നല്കിയ ശമ്പളം കിഴിച്ച് 2.27 ലക്ഷം രൂപയോളം ഓരോ മാസവും എവിടേക്കാണു പോയിരുന്നത് എന്നത് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങളുമായി കൂട്ടിവായിക്കേണ്ടതാണ്.
അബുദാബിയിലെ അക്കൗണ്ട് വഴി പണം അമേരിക്കയിലേക്ക് കടത്തുകയാണെന്നും ഷോണ്‍ ആരോപിച്ചിരുന്നു. ഇക്കാര്യങ്ങളില്‍ വിശദമായ അന്വേഷണം വേണം. വിദേശ പണമിടപാടും അക്കൗണ്ടും അന്വേഷിക്കണം. വീണാ വിജയന്റെ ഐടി റിട്ടേണില്‍ ഈ അക്കൗണ്ട് വിവരങ്ങള്‍ ഇല്ലെങ്കില്‍ അത് ഗുരുതരമായ കുറ്റകൃത്യമാണെന്നും ഷോണ്‍ പറഞ്ഞു.
തനിക്കു ലഭിച്ച വിവരങ്ങള്‍ ഏപ്രില്‍ 19ന് ഇഡി സ്പെഷല്‍ ഡയറക്ടര്‍ക്ക് കൈമാറിയിട്ടുണ്ട്. വിശദമായ അന്വേഷണം നടന്നാല്‍ എല്ലാം വ്യക്തമാകും. കേരളം കണ്ട ഏറ്റവും വലിയ കൊള്ളക്കാരനാണ് മുഖ്യമന്ത്രി.
തന്റെ ആരോപണങ്ങള്‍ മുഖ്യമന്ത്രിയോ മകളോ നിഷേധിച്ചാല്‍ തെളിവുകള്‍ പുറത്തുവിടും. മുഖ്യമന്ത്രി പിണറായി വിജയനെതിരേയാണ് താന്‍ തെളിവുകള്‍ പുറത്തുവിടുന്നതെന്നും തെറ്റാണെന്നു തെളിഞ്ഞാല്‍ മാനനഷ്ടത്തിനു കേസ് കൊടുക്കാമെന്നും ഷോണ്‍ പറഞ്ഞിരുന്നു.