സ്വർണക്കടത്ത്: ശശി തരൂരിന്റെ പിഎയെ വിട്ടയച്ചു
Thursday, May 30, 2024 6:10 PM IST
ന്യൂഡൽഹി: സ്വർണം കടത്തിയതിന് പിടിയിലായ ശശി തരൂർ എംപിയുടെ സഹായി ശിവകുമാർ പ്രദാസിനെ വിട്ടയച്ചു. ശിവകുമാറിനെ ചോദ്യം ചെയ്തശേഷമാണ് വിട്ടയച്ചത്. സ്വർണം കൊണ്ടുവന്ന ഉത്തർപ്രദേശ് സ്വദേശിക്കെതിരെ മാത്രമാണ് കേസ്. ആശ്യമെങ്കിൽ ശിവകുമാറിനെ വീണ്ടും വിളിപ്പിക്കും.
500 ഗ്രാം സ്വർണമാണ് ഇവരിൽനിന്നും പിടിച്ചെടുത്തത്. ബുധനാഴ്ച വൈകുന്നേരമാണ് ഇവർ കസ്റ്റംസിന്റെ പിടിയിലായത്. വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ വ്യക്തിയിൽനിന്നു സ്വർണം വാങ്ങുന്നതിനിടെ ഇവരെ കസ്റ്റംസ് പിടികൂടുകയായിരുന്നുവെന്നാണു റിപ്പോർട്ട്.
അതേസമയം തന്റെ സഹായി ഡൽഹിയിൽ പിടിയിലായ സംഭവത്തിൽ ശശി തരൂർ പ്രതികരിച്ചു. ശിവകുമാർ പ്രസാദിന്റെ അറസ്റ്റ് ഞെട്ടിച്ചുവെന്നാണ് ശശി തരൂർ പറഞ്ഞത്. ശിവകുമാർ പ്രസാദ് തന്റെ മുൻ ജീവനക്കാരനായിരുന്നു. വൃക്കരോഗിയും ഡയാലിസിസിന് വിധേയനായി കൊണ്ടിരിക്കുന്നയാളുമാണ് അദ്ദേഹം. അതിനാൽ വിമാനത്താവളത്തിലെ സഹായത്തിന് മാത്രമാണ് പാര്‍ട്ട് ടൈം സ്റ്റാഫായി തല്കാലത്തേക്ക് ശിവകുമാറിനെ നിയമിച്ചത്.
നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും അന്വേഷണത്തെ പിന്തുണയ്ക്കുന്നുവെന്നും തരൂർ പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കുള്ള പ്രതികരണമായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
72കാരനായ ശിവകുമാര്‍ ഡയാലിസിസിന് വിധേയനാകുന്നതുകൊണ്ട് മാനുഷിക പരിഗണന വച്ചാണ് വിരമിച്ചിട്ടും നിലനിർത്തിയതെന്നു ശശി തരൂര്‍ പറഞ്ഞു.