പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി: മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി ലീഗ് നേതാക്കള്‍
Thursday, May 30, 2024 3:55 PM IST
തിരുവനന്തപുരം: മലബാറില്‍ പ്ലസ് വണ്ണിന് അധിക സീറ്റുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് എംഎല്‍എമാര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായും വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയുമായും കൂടിക്കാഴ്ച നടത്തി. സീറ്റ് പ്രതിസന്ധി ഗൗരവമുള്ള വിഷയമാണെന്നും വിഷയത്തില്‍ വിശദമായി ചര്‍ച്ച നടത്തിയെന്നും ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വിദ്യാഭ്യാസവകുപ്പിന്റെ കണക്ക് തെറ്റാണ്. എന്തിനാണ് തെറ്റായ കണക്ക് കൊടുക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. പൊളിടെക്നിക്, ഐടിഐ സീറ്റുകള്‍ ഉണ്ടെന്ന് പറയുന്നത് ശരിയല്ല. കുട്ടികള്‍ ബുദ്ധിമുട്ടിലാണ്.
മലപ്പുറം ജില്ലയിലെ സ്ഥിതി ഗുരുതരമാണ്. വിശദമായി കണക്ക് സഹിതം കുറവുള്ള സീറ്റുകളുടെ വിവരം തയാറാക്കി സര്‍ക്കാരിന് നല്‍കും. കൂടുതല്‍ ബാച്ചുകള്‍ അനുവദിക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. റിസല്‍ട്ട് കുറഞ്ഞത് സൗകര്യം കുറഞ്ഞത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ, മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ പ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മന്ത്രി വി.ശിവന്‍കുട്ടി രംഗത്തെത്തിയിരുന്നു. എന്നാല്‍ ആദ്യ അലോട്ട്മെന്റ് തുടങ്ങുന്നതിന് മുന്‍പ് നടക്കുന്ന പ്രതിഷേധങ്ങള്‍ രാഷ്ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ളതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.