"പ്രസക്തിയില്ല'; മാസപ്പടിയില്‍ ഷോണ്‍ ജോര്‍ജ് നല്കിയ ഹര്‍ജികള്‍ ഹൈക്കോടതി തീർപ്പാക്കി
Thursday, May 30, 2024 1:52 PM IST
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ കമ്പനിയായ എക്സാലോജികിന്റെ വിദേശ സാമ്പത്തിക ഇടപാടുകളില്‍ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് നല്കിയ ഉപഹര്‍ജി ഹൈക്കോടതി അവസാനിപ്പിച്ചു. എസ്എഫ്ഐഒ അന്വേഷണം പ്രഖ്യാപിച്ചതിനാല്‍ പ്രധാന ആവശ്യത്തിന് പ്രസക്തിയില്ലായെന്ന് കോടതി കണ്ടെത്തി.
ഷോണിന്റെ രണ്ട് ഹര്‍ജികളായിരുന്നു ഉണ്ടായിരുന്നത്. ഒന്ന് പ്രധാന ഹര്‍ജിയും മറ്റൊന്ന് ഉപഹര്ജിയുമായിരുന്നു. ഈ ഹര്‍ജികളാണ് ഹൈക്കോടതി ഇപ്പോള്‍ അവസാനിപ്പിച്ചിട്ടുള്ളത്. നേരത്തെ തന്നെ എസ്എഫ്ഐഒ അന്വേഷണം പ്രഖ്യാപിച്ചതിനാല്‍ ഇതില്‍ പ്രധാന ഹര്‍ജിക്ക് ഇനി പ്രസക്തി ഉണ്ടാവില്ലെന്ന് കോടതി നിരീക്ഷിച്ചു.
മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട് സീരിസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ വേണമെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം. ആ ഹര്‍ജിയോടൊപ്പമാണ് കഴിഞ്ഞ ദിവസം ഉപഹര്‍ജി ഷോണ്‍ നല്‍കിയത്.
എസ്എഫ്ഐഒ അന്വേഷണത്തിന്റെ ഭാഗമായി വീണാ വിജയന്റെ വിദേശ ബാങ്ക് അക്കൗണ്ടില്‍ അന്വേഷണം വേണമെന്നായിരുന്നു ഉപഹര്‍ജിയിലെ ആവശ്യം. എന്നാല്‍ അന്വേഷണം അവസാനിച്ചിട്ടും ഹര്ജിക്കാരന് പരാതിയുണ്ടെങ്കില്‍ കോടതിയെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി.
അതേസമയം, അന്വേഷണം ചോദ്യംചെയ്ത് കെഎസ്ഐഡിസി നല്കിയ ഹര്‍ജി ജൂലൈ 15 ന് പരിഗണിക്കാന്‍ മാറ്റി. ജസ്റ്റീസ് ടി.ആര്. രവി അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.