ബലൂചിസ്ഥാനിൽ ഇറാൻ സേനയുടെ ആക്രമണത്തിൽ നാല് പാക്കിസ്ഥാനികൾ കൊല്ലപ്പെട്ടു
Thursday, May 30, 2024 7:14 AM IST
ഇസ്ലാമാബാദ്: പാക്കിസ്താനിലെ ബലൂചിസ്ഥാന്റെ തെക്ക് പടിഞ്ഞാറൻ പ്രവിശ്യയിൽ ഇറാൻ സൈന്യം നടത്തിയ വെടിവയ്പിൽ നാല് പാകിസ്ഥാനികൾ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.
പാകിസ്ഥാൻ-ഇറാൻ അതിർത്തിക്ക് സമീപമാണ് വെടിവയ്പ്പ് നടന്നതെന്ന് അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ ഉമർ ജമാലി സ്ഥിരീകരിച്ചു. വെടിവയ്പ്പിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി ഡെപ്യൂട്ടി കമ്മീഷണർ വാഷുക്ക് നയീം ഉംറാനി പറഞ്ഞു.
ഇറാൻ മുൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഏപ്രിലിൽ പാകിസ്ഥാൻ സന്ദർശിച്ചരുന്നു. ഇതിനു ശേഷം ഇരുരാജ്യങ്ങളും ബന്ധം മികച്ചതാക്കാൻ പരിശ്രമിച്ചു വരികയായിരുന്നു.
പാക്കിസ്ഥാനുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പായി റൈസിയുടെ സന്ദർശനം വിലയിരുത്തപ്പെട്ടു.
ഇറാനും പാകിസ്ഥാനും ശക്തമായ ബന്ധത്തിന്റെ ചരിത്രമുണ്ട്, എന്നാൽ ജനുവരിയിൽ പാക്കിസ്ഥാനു നേരെയുണ്ടായ മിസൈൽ ആക്രമണങ്ങൾ ഏറ്റവും ഗുരുതരമായ സംഭവങ്ങളായിരുന്നു. ഇതേതുടർന്ന് പാക്കിസ്ഥാൻ, ടെഹ്റാനിലെ അംബാസഡറെ തിരിച്ചുവിളിച്ചിരുന്നു. കൂടാതെ എല്ലാ നയതന്ത്ര, വ്യാപാര ഇടപെടലുകൾ അവസാനിപ്പിക്കുകയും ചെയ്തു.
വിഘടനവാദികളായ ബലൂച് ലിബറേഷൻ ഫ്രണ്ടിന്റെയും ബലൂച് ലിബറേഷൻ ആർമിയുടെയും താവളങ്ങളിലാണ് ആക്രമണമുണ്ടായതെന്ന് പാക്കിസ്ഥാൻ അറിയിച്ചു. അതേസമയം, ജെയ്ഷ് അൽ അദ്ൽ (ജെഎഎ) ഗ്രൂപ്പിലെ തീവ്രവാദികളെയാണ് തങ്ങൾ ആക്രമിച്ചതെന്ന് ഇറാൻ വ്യക്തമാക്കി.
പാക്കിസ്ഥാന്റെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ബലൂചിസ്ഥാനും ഇറാന്റെ തെക്കുകിഴക്കൻ സിസ്താൻ-ബലൂചെസ്ഥാൻ പ്രവിശ്യയും ഉൾപ്പെടുന്ന പ്രദേശത്താണ് തീവ്രവാദി ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നത്.