പിണറായി സർക്കാരിൽ അഴിമതിയും പണമൊഴുക്കും; അന്വേഷണം നടന്നാല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുമെന്ന് ചെന്നിത്തല
Wednesday, May 29, 2024 9:40 PM IST
തിരുവനന്തപുരം: ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കണ്‍സള്‍ട്ടന്‍സി പേരില്‍ വന്‍തോതില്‍ പണമൊഴുക്കും അഴിമതിയും നടന്നുവെന്ന് അന്നത്തെ പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങളെന്ന് കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല.
2016-19 കാലഘട്ടത്തില്‍ അബുദാബിയിലെ ഒരു ബാങ്ക് അക്കൗണ്ടിലേക്ക് പിഡബ്ല്യുസി, എസ്എന്‍സി ലാവ്ലിന് തുടങ്ങിയ കമ്പനികള്‍ വന്‍തോതില്‍ പണം നിക്ഷേപിച്ചു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് അന്വേഷണം നടത്തുന്നു എന്നാണ് പുറത്തു വന്നിട്ടുള്ള വിവരം.
ഈ രണ്ടു കമ്പനികളും നേരത്തെ ഇടതു മുന്നണി സര്‍ക്കാരുകളുമായി ബന്ധപ്പെട്ട് വിവാദം സൃഷ്ടിച്ചിട്ടുള്ളവയാണ്. ഇപ്പോള്‍ പുറത്തു വന്നിട്ടുള്ള വിവരം വളരെ സംശയകരമാണ്. ശരിയായ അന്വേഷണം നടന്നാല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വരും.
ഇതിന്റെയെല്ലാം സൂത്രധാരകൻ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരനാണ് .ഈ അഴിമതിപ്പണം മന്ത്രിസഭയിലേയും പാർട്ടിയിലേ പലർക്കും പോയിട്ടുണ്ട്. സത്യസന്ധമായി അന്വേഷിച്ചാൽ എല്ലാ വിവരങ്ങളും പുറത്ത് വരും.
നയതന്ത്ര ബാഗ് വഴിയുള്ള സ്വർണക്കടത്തിനും മുഖ്യമന്ത്രി ആദ്യമായി ദുബായിൽ പോയപ്പോൾ ശിവശങ്കരൻ നയതന്ത്ര ചാനൽ വഴി ബാഗ് കൊണ്ട് പോയതിനും പിന്നിലെല്ലാം ദുരൂഹതയുണ്ട്. മസാല ബോണ്ട് മണിയടിലൂടെ ചില മന്ത്രിമാരുടെയും പോക്കറ്റുകളിൽ മണിയെത്തി എന്ന് വ്യക്തമാകുന്നതാണ് ലാവ്ലിൻ കമ്പനിയിൽ നിന്നുള്ള പണമിടപാട്.
ചുരുക്കത്തിൽ ഒന്നാം പിണറായി സർക്കാർ ഖജനാവ് കൊള്ളയടിക്കുകയാണ് ചെയ്തത്. അത് ഒരു പരിധിവരെ തടയനായത് അന്നത്തെ പ്രതിപക്ഷത്തിന്റെ ശക്തമായ ഇടപെടൽ കൊണ്ട് മാത്രമാണ്.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പ്രതിപക്ഷം തുറന്ന് കാട്ടിയ കമ്പനികളിൽ നിന്ന് തന്നെയാണ് വേണ്ടപ്പെട്ടവർക്ക് കോടികൾ ലഭിച്ചതെന്ന് തങ്ങൾ അന്ന് പറഞ്ഞത് ശരിവയ്ക്കുന്നതാണ് അന്വേഷണ എജൻസിയുടെ കണ്ടെത്തലെന്നും ഈ പണം അമേരിക്കയിലേക്കാണ് പോയതെങ്കിൽ ഇതിന് പിന്നിൽ സ്പ്രിംഗ്ളർ കമ്പനിയുടെ പങ്കുണ്ടോയെന്ന കാര്യം കൂടി അന്വേഷണ വിധേയമാക്കേണ്ടിയിരിക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.