ബ്രിജ്ഭൂഷണ് സിംഗിന്റെ മകന്റെ വാഹനവ്യൂഹത്തിലെ കാറിടിച്ച് രണ്ടു പേർ മരിച്ചു
Wednesday, May 29, 2024 4:57 PM IST
ലക്നോ: ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ മുൻ പ്രസിഡന്റ് ബ്രിജ് ഭൂഷണ് ശരണ്‍ സിംഗിന്റെ മകനും കൈസർഗഞ്ജ് സ്ഥാനാർഥിയുമായ കരണ്‍ ഭൂഷണ് സിംഗിന്റെ വാഹനവ്യൂഹത്തിലെ കാറിടിച്ച് രണ്ട് യുവാക്കൾ മരിച്ചു.
റെഹാൻ(17), ഷഹ്സാദ്(24) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഉത്തർപ്രദേശിലെ ഗോണ്ടയിലായിരുന്നു സംഭവം. ഇരുവരും ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ എതിർവശത്തുനിന്നെത്തിയ കാർ ഇടിച്ചുവെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്.
ബ്രിജ്ഭൂഷണ് ശരണ്‍ സിംഗിന്റെ നേതൃത്വത്തിൽ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്ത വാഹനമാണ് ബൈക്കിലിടിച്ചത്. അപകടസ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങളിൽ കാറിന്റെ പിൻവശത്ത് പോലീസ് എസ്കോർട്ട് എന്ന് എഴുതിയിരിക്കുന്നതും കാണാമായിരുന്നു.
കാർ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്യുകയും വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു.