ഭക്ഷ്യവിഷബാധ; സേലത്ത് 82 നഴ്സിംഗ് വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍
Wednesday, May 29, 2024 2:37 PM IST
ചെന്നൈ: തമിഴ്നാട് സേലത്ത് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 82 നഴ്സിംഗ് വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍. കുപ്പന്നൂര്‍ എസ്പിസി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിംഗ് എജ്യുക്കേഷന്‍ ആന്റ് റിസര്‍ച്ചിലെ കുട്ടികളാണ് ചികിത്സ തേടിയത്.
ഞായറാഴ്ച ഹോസ്റ്റലിലെ ഉച്ചഭക്ഷണം കഴിച്ച ശേഷമാണ് വയറ്റില്‍ അസ്വസ്ഥത, ഛര്‍ദ്ദി, വയറിളക്കം എന്നിവ അനുഭവപ്പെട്ടതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. തിങ്കളാഴ്ച 20 വിദ്യാര്‍ഥികള്‍ക്കാണ് ആദ്യം അവശത അനുഭവപ്പെട്ടത്. ആരോഗ്യപ്രവർത്തകർ കോളജിലെത്തി വിദ്യാര്‍ഥികളെ പരിശോധിക്കുകയും നിര്‍ജ്ജലീകരണം ബാധിച്ചതായി കണ്ടെത്തുകയും ചെയ്തു.
തുടര്‍ന്ന് വിദ്യാര്‍ഥികളെ സേലം മോഹന്‍ കുമാരമംഗലം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ വിദ്യാര്‍ഥികളുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.
ഹോസ്റ്റല്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് കോളജ് മാനേജ്മെന്റ് വകുപ്പില്‍ നിന്ന് അനുമതി വാങ്ങിയിട്ടില്ലെന്നും പാചകത്തിന് ഉപയോഗിക്കുന്ന വെള്ളം ഭരണകൂടം പരിശോധിച്ചില്ലെന്നും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സേലം ജില്ലാ ഓഫീസര്‍ കതിരവന്‍ പറഞ്ഞു. അടുക്കള കൃത്യമായി അണുവിമുക്തമാക്കിയില്ലെന്നും പാചകത്തിന് ഉപയോഗിക്കുന്ന വെള്ളത്തില്‍ മലിനജലം കലര്‍ന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഭവത്തെ തുടര്‍ന്ന് ഹോസ്റ്റലിന്റെ അടുക്കള താത്ക്കാലികമായി അടച്ചുപൂട്ടി.