പ്രജ്വൽ ഇന്ത്യയിലേക്ക്; ജർമനിയിൽനിന്ന് വെള്ളിയാഴ്ചയെത്തും
Wednesday, May 29, 2024 1:04 PM IST
ബംഗളൂരു: പീഡനക്കേസിൽ കുറ്റാരോപിതനായ കർണാടക ഹാസൻ എംപിയും ജെഡി-എസ് നേതാവുമായ പ്രജ്വൽ രേവണ്ണ ഉടൻ ഇന്ത്യയിലെത്തുമെന്ന് റിപ്പോർട്ട്. പ്രജ്വലിന്റെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കുന്നതിനുള്ള നടപടികൾ കേന്ദ്രസർക്കാർ ആരംഭിച്ചതിനു പിന്നാലെയാണ് ഈ നീക്കം.
ജർമനിയിൽനിന്ന് ബംഗളൂരുവിലേക്കുള്ള ലുഫ്താൻസ എയർ വിമാനത്തിൽ ഇയാൾ ടിക്കറ്റ് ബുക്ക് ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. മ്യൂണിക്കിൽനിന്നുള്ള വിമാനം വെള്ളിയാഴ്ച രാത്രി 12.30 ഓടെ ബംഗളൂരുവിലെത്തും.
വെള്ളിയാഴ്ച പ്രജ്വൽ പ്രത്യേക അന്വേഷണസംഘത്തിനു മുന്നിൽ ഹാജരാകുമെന്നാണ് വിവരം. തിരിച്ചെത്തിയാൽ ഉടൻ പ്രജ്വലിനെ അറസ്റ്റ് ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം കെംപഗൗഡ വിമാനത്താവളത്തിൽ എത്തുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
നേരത്തെ പ്രജ്വൽ തന്നെ ഇതുമായി ബന്ധപ്പെട്ട വീഡിയോ പുറത്തുവിട്ടിരുന്നു. തനിക്കെതിരേ ഉയർന്നിരിക്കുന്നത് തെറ്റായ ആരോപണങ്ങളാണെന്നും വെള്ളിയാഴ്ച രാവിലെ പത്തിന് മുമ്പായി അതിനെല്ലാമുള്ള മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാം ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായതിനു തൊട്ടുപിറകെ മേയ് 27നു പുലര്‍ച്ചെയാണു പ്രജ്വല്‍ രേവണ്ണ രാജ്യംവിട്ടത്. ലൈംഗിക പീഡന ദൃശ്യങ്ങള്‍ മണ്ഡലത്തില്‍ വ്യാപകമായി പ്രചരിച്ചതോടെയായിരുന്നു രക്ഷപ്പെടല്‍.
നേരത്തെ, മുൻ പ്രധാനമന്ത്രിയും പ്രജ്വലിന്റെ മുത്തച്ഛനുമായ എച്ച്.ഡി. ദേവഗൗഡ പ്രജ്വലിനോട് നാട്ടിലേക്കു വരാൻ ആവശ്യപ്പെട്ടിരുന്നു.