അതിരപ്പിള്ളി വനത്തില്‍ അതിക്രമിച്ച് കയറിയ യുവാവ് അറസ്റ്റില്‍
Monday, May 27, 2024 11:01 AM IST
തൃശൂര്‍: അതിരപ്പിള്ളി വനത്തില്‍ അതിക്രമിച്ച് കയറിയ യുവാവ് അറസ്റ്റില്‍. അതിരപ്പിള്ളി സ്വദേശിയായ റോബിന് ലാലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന വനംവകുപ്പ് ജീവനക്കാരുടെ പരാതിയിലാണ് അറസ്റ്റ്.
കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. വനമേഖലയില്‍ വച്ച് അപകടത്തില്‍പെട്ട പന്നിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. വനപാലകരും ഡോക്ടറും രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ ഇവിടെയെത്തിയ ഇയാള്‍ ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറുകയായിരുന്നു.
ഇതേ തുടര്‍ന്ന് വനപാലകര്‍ നല്കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. വനത്തില്‍ അതിക്രമിച്ച് കയറിയതിന് വനപാലകരും ഇയാള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.