ഭാവി നിശ്ചയിക്കണം; നിര്‍ണായക യോഗം വിളിച്ച് ഇന്ത്യാ മുന്നണി
Monday, May 27, 2024 10:14 AM IST
ന്യൂഡല്‍ഹി: ലോകസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നിര്‍ണായക യോഗം വിളിച്ച് ഇന്ത്യന്‍ നാഷണല്‍ ഡവലപ്മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്. ജൂണ്‍ ഒന്നിനാണ് യോഗം. യോഗത്തിലേക്ക് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍, ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് അടക്കം സഖ്യത്തിലെ മുഴുവന്‍ പാര്‍ട്ടികള്‍ക്കും ക്ഷണമുണ്ടെന്നാണ് സൂചന.
ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി യോഗത്തില്‍ പങ്കെടുക്കുമോയെന്നത് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നുണ്ട്. നേരത്തെ, സര്‍ക്കാരുണ്ടാക്കാന്‍ മുന്നണിക്ക് പുറത്ത് നിന്നും പിന്തുണ നല്‍കുമെന്ന് മമത വ്യക്തമാക്കിയിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രകടനം കണക്കിലെടുത്ത് സഖ്യത്തിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് പ്രതിപക്ഷ നേതൃത്വത്തിലുള്ള ഇന്ത്യാ മുന്നണിയുടെ യോഗം വിളിച്ചിരിക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ടം സമാപിച്ചതിന് തൊട്ടുപിന്നാലെ ഇന്ത്യാ മുന്നണി കൂടുതല്‍ സീറ്റുകളില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണെന്ന് കോണ്‍ഗ്രസ് അവകാശപ്പെട്ടു. ബിജെപിയുടെ നേതൃത്വത്തിലുള്ള ഭരണകക്ഷിയായ നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സിനെ നേരിടാന്‍ കഴിഞ്ഞവര്‍ഷം ജൂലൈയിലാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ത്യാ മുന്നണി രൂപീകരിച്ചത്.