റിമാൽ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു
Monday, May 27, 2024 7:58 AM IST
കോൽക്കത്ത: റിമാൽ ചുഴലിക്കൊടുങ്കാറ്റിന്റെ ശക്തി കുറഞ്ഞതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അതേസമയം ജാഗ്രത തുടരണമെന്നും അധികൃതർ അറിയിച്ചു.
ചുഴലിക്കാറ്റ് ഞായറാഴ്ച രാത്രിയാണ് കരതൊട്ടത്. ചുഴലിക്കൊടുങ്കാറ്റിനു മുന്നോടിയായി പശ്ചിമബംഗാളിലെയും ഒഡീഷയിലെയും തീരദേശമേഖലകളിൽ കനത്ത മഴയായിരുന്നു. ചൊവ്വാഴ്ച വരെ കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
ഇരു സംസ്ഥാനത്തുമായി ഒന്പത് ദുരിതാശ്വാസ സംഘങ്ങളെ സജ്ജമാക്കിയിട്ടുണ്ടെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു. ചുഴലിക്കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ഞായറാഴ്ച ഉന്നതതല യോഗം വിളിച്ചുകൂട്ടി സ്ഥിതിഗതികൾ വിലയിരുത്തി.
പശ്ചിമബംഗാളിലെ തീരദേശജില്ലകളായ നോർത്ത് 24 പർഗാനാസ്, സൗത്ത് 24 പർഗാനാസ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കോൽക്കത്ത, ഹൗറ, നാദിയ, വെസ്റ്റ് മിഡ്നാപ്പുർ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ബംഗാളിൽ മാത്രം ദേശീയ ദുരന്തനിവാരണ സേനയുടെ 12 സംഘങ്ങളും അഞ്ച് അധിക സംഘങ്ങളും നിലയുറപ്പിച്ചിട്ടുണ്ട്. ആർമിയുടെയും നേവിയുടെയും സംഘങ്ങളോടും തയാറായിരിക്കാൻ നിർദേശിച്ചിട്ടുണ്ട്.
കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തിൽ കോൽക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നുള്ള വിമാനസർവീസുകൾ ഞായറാഴ്ച ഉച്ചയ്ക്ക് 12 മുതൽ ഇന്നു രാവിലെ ഒന്പത് വരെ റദ്ദാക്കി. കോൽക്കത്ത ഡയമണ്ട് ഹാർബറിലെ ഫെറി സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.